അടിമാലി മച്ചിപ്ലാവ് ചൂരകട്ടന്‍കുടി ആദിവാസി ഉന്നതിയില്‍ മണ്ണിടിഞ്ഞു; മണ്ണിനിടയില്‍ കുരുങ്ങിയ ആളെ രക്ഷപ്പെടുത്തി

അടിമാലി: കനത്തമഴയെ തുടര്‍ന്ന് അടിമാലി മച്ചിപ്ലാവ് ചൂരകട്ടന്‍കുടി ആദിവാസി ഉന്നതിയില്‍ മണ്ണിടിഞ്ഞു. പ്രദേശത്തെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. മണ്ണിടിഞ്ഞെത്തിയതിനെ തുടര്‍ന്ന് ഒരാള്‍ മണ്ണിനിടയില്‍ കുരുങ്ങി. ഫയര്‍ഫോഴ്‌സിന്റെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ ഇയാളെ മണ്ണിനിടയില്‍ നിന്നും പുറത്തെടുത്ത് അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചു.

വീട്ടിലുണ്ടായിരുന്ന അരുണ്‍ എന്നയാളാണ് മണ്ണിനിടയില്‍ പെട്ടത്. ഇയാളുടെ ശരീരത്തിന്റെ പാതിയോളം മണ്ണിനടിയില്‍പെട്ടിരുന്നു. ഏറെ ശ്രമകരമായി പിന്നീട് ഇയാളെ രക്ഷിക്കുകയായിരുന്നു. ഇന്നുച്ചക്ക് ശേഷം അടിമാലി മേഖലയില്‍ ശക്തമായ മഴയാണ് പെയ്തത്.

മണിക്കൂറുകളോളം മഴ നീണ്ടതോടെ ദേവിയാര്‍പുഴയില്‍ വലിയ തോതില്‍ വെള്ളമുയരുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തു.നേര്യമംഗലം വനമേഖലയിലും ശക്തമായ മഴയാണ് പെയ്തത്. അടിമാലി മേഖലയില്‍ ഇനിയും മഴ പൂര്‍ണ്ണമായി ശമിച്ചിട്ടില്ല.