കാലാവസ്ഥ വ്യതിയാനവും വില തകര്‍ച്ചയും കീടബാധയും; ദുരിതത്തിലായി് പാവല്‍ കര്‍ഷകര്‍ഷകര്‍

അടിമാലി: പാവല്‍ കൃഷിയുമായി മുമ്പോട്ട് പോകുന്ന ഹൈറേഞ്ചിലെ കര്‍ഷകര്‍ നഷ്ടകണക്കുകളുടെ കയ്പ്പുനീര്‍ കുടിക്കേണ്ടുന്ന ഗതികേടിലാണ്.
കാലാവസ്ഥ വ്യതിയാനവും വിലത്തകര്‍ച്ചയും ഒപ്പം കീടബാധയുമാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. കടകളില്‍ പാവക്കക് കിലോഗ്രാമിന് വില 80തിനും മുകളിലാണെങ്കിലും ഹൈറേഞ്ചില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലയാകട്ടെ കിലോ ഗ്രാമിന് 35 രൂപയിലും താഴെയാണ്.
ഏറെ നാളുകളായി പാവല്‍ കൃഷി നടത്തി വരുന്ന കര്‍ഷകര്‍ പലരും കൃഷി ഉപേക്ഷിച്ച് മറ്റ് മേഖലകളിലേക്ക് തിരിയുന്ന സ്ഥിതിയുമുണ്ട്. ഓരോ വിളവെടുപ്പിലും പാവക്കയുടെ വില താഴേക്കെന്ന് കര്‍ഷകര്‍ പരിഭവപ്പെടുന്നു.ഇടനിലക്കാരുടെ ചൂഷണവും ഹൈറേഞ്ചിലെ പാവല്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് പരിപാലന ചെലവ് കൂടുതലുള്ള ഒരു കൃഷിയാണ് പാവല്‍ കൃഷി. തടമെടുത്ത് വിത്തിട്ട് അതു മുളച്ചു പൊങ്ങുമ്പോള്‍ മുതല്‍ വളപ്രയോഗം നടത്തണം.
പന്തല്‍കെട്ടി പടര്‍ത്തണം, താങ്ങുതൂണുകളിടണം, ജൈവ വളങ്ങളും കീടനാശിനികളും ഉപയോഗിച്ചാണ് കൃഷി നിലനിര്‍ത്തുന്നത്. വളങ്ങള്‍ക്ക് വില വര്‍ധിച്ച സാഹചര്യത്തില്‍ പാവയ്ക്ക 50 രൂപയെങ്കിലും വില കിട്ടിയാല്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളു എന്ന് കര്‍ഷകര്‍ പറയുന്നു. കമ്പോള വിലയുടെ പകുതിപോലും കര്‍ഷകര്‍ക്ക് ലഭിക്കാത്ത സാഹചര്യം നഷ്ടങ്ങളുടെ കണക്ക് വര്‍ധിപ്പിക്കുന്നു.