
മൂന്നാര്‍: മൂന്നാറിലെ തോട്ടം മേഖലയില്‍ കടുവയുടെ ആക്രമണം തുടര്‍ക്കഥയാവുകയാണ്. മൂന്നാര്‍ അരുവിക്കാട് എസ്റ്റേറ്റില്‍ കടുവയുടെ ആക്രമണത്തില്‍ പശു കൊല്ലപ്പെട്ടു. തോട്ടം തൊഴിലാളിയായി മാരിമുത്തുവിന്റെ പശുവാണ് ചത്തത്. മൂന്നാര്‍ സൈലന്റ് വാലി എസ്റ്റേറ്റ് മൂന്നാം ഡിവിഷനില്‍ കഴിഞ്ഞ ദിവസം രണ്ട് കറുവപ്പശുക്കളെ കടുവ കൊന്നിരുന്നു.
ഇതിന് പിന്നാലെയാണിപ്പോള്‍ അരുവിക്കാട് എസ്റ്റേറ്റിലും കടുവയുടെ ആക്രമണം ഉണ്ടായിട്ടുള്ളത്. ദിവസങ്ങള്‍ക്ക് മുമ്പ് ദേവികുളം ഡിവിഷനില്‍ തൊഴിലാളി ലയത്തിന്റെ മുറ്റത്ത് കെട്ടിയിട്ടിരുന്ന പശുവിനെ കടുവ ആക്രമിച്ചിരുന്നു. പകല്‍ ജനവാസ മേഖലയില്‍ മൂന്ന് കടുവകള്‍ ഒരുമിച്ചിറങ്ങിയതും ഇതിന് സമീപ ദിവസമായിരുന്നു. തോട്ടം തൊഴിലിന് പുറമെ തൊഴിലാളി കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമായ പശുക്കളെയാണ് കടുവ കൊല്ലുന്നത്.
പലരും വായ്പയെടുത്താണ് പശുക്കളെ വാങ്ങുന്നത്. ഇവ നഷ്ടപ്പെടുന്നതോടെ തൊഴിലാളികള്‍ ദുരിതത്തി ലാകുന്നു. ഇക്കഴിഞ്ഞ കാലയളവില്‍ ഇതുവരെ നൂറുകണക്കിന് പശുക്കളാണ് കടുവയുടെയും പുലിയുടെയുമൊക്കെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടയില്‍ കന്നുകാലികള്‍ വന്യജീവിയാക്രമണത്തില്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ കുറഞ്ഞിരുന്നു. ഒരിടവേളക്ക് ശേഷം വീണ്ടും തോട്ടം മേഖലയില്‍ കടുവയുടെ ആക്രമണം വര്‍ധിച്ച് വരുന്നത് ആശങ്കക്ക് ഇടവരുത്തിയിട്ടുണ്ട്.