പടയപ്പ ഫൈസലും കൂട്ടാളി ആഷിക്കും എം ഡി എം എ യുമായി ഇടുക്കിയിൽ പിടിയിൽ

കുപ്രസിദ്ധ കുറ്റവാളി പടയപ്പ ഫൈസലും കൂട്ടാളി ആഷിക്കും എം ഡി എം എ യുമായി ഇടുക്കിയിൽ പിടിയിൽ. എം ഡി എം എ വിൽപ്പനയ്ക്കായി തൊടുപുഴയിൽ എത്തിയപ്പോഴാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്. പ്രതികളെ റിമാൻഡ് ചെയ്തു.
ഫോർട്ട് കൊച്ചി സ്വദേശികളായ പടയപ്പ ഫൈസലും കൂട്ടാളി ആഷിക്കും ഇന്നലെ രാത്രിയിലാണ് പൊലീസിന്റെ പിടിയിലായത്. എം ഡി എം എ വിൽക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ ചടുല നീക്കത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്. തൊടുപുഴ ബസ്റ്റാൻഡിൽ പൊലീസിനെ കണ്ട പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഓടിച്ചിട്ട് പിടികൂടി. ഇവരിൽ നിന്ന് നാല് ഗ്രാം എം ഡി എം എ യും രാസ ഗുളികകളും കണ്ടെത്തി.
എംഡി എം എ വിൽപ്പനയ്ക്ക് പുറമേ പ്രതികൾ ക്വട്ടേഷൻ ഉൾപ്പെടെയുള്ള പ്രവർത്തികൾക്ക് കളമൊരുക്കാൻ എത്തിയതാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ചോദ്യം ചെയ്തെങ്കിലും ഇരുവരും സഹകരിക്കാൻ തയ്യാറായിട്ടില്ല. റിമാൻഡ് ചെയ്ത പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകാനാണ് തൊടുപുഴ പൊലീസിന്റെ തീരുമാനം.