സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; തിരുവനന്തപുരം സ്വദേശികളായ 5 പേർക്കാണ് രോഗബാധ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളായ 5 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ആനാട്, മംഗലപുരം, പോത്തൻകോട്, രാജാജി നഗർ, പാങ്ങപ്പാറ എന്നിവിടങ്ങളിൽ നിന്നാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. 5 പേരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടുദിവസം മുൻപാണ് കടയ്ക്കൽ സ്വദേശിയായ 42 കാരൻ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. ഇന്നലെ കൊല്ലം സ്വദേശിക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിരുന്നു.
അതേസമയം, രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലായിടങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം അഥവാ അമീബിക് മെനിൻജോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടന്ന് രോഗകാരണമാവുന്നു.97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് രോഗലക്ഷണങ്ങൾ.