
വിലയിടിവും കുമിൾ രോഗവും മൂലം പ്രതിസന്ധിയിലാണ് ഇടുക്കി ഹൈറേഞ്ചിലെ ഇഞ്ചികൃഷി. പല മരുന്നുകൾ ചെയ്തിട്ടും രോഗബാധ ഒഴിയാതെ വന്നതോടെ ഇഞ്ചി കൃഷി നിർത്താനൊരുങ്ങുകയാണ് കർഷകർ.
25 വർഷമായി ഇഞ്ചി കൃഷിയാണ് അടിമാലി മച്ചിപ്ലാവ് സ്വദേശിയായ തോട്ടുവേലിൽ ജെയ്സന്റെ പ്രധാന വരുമാനമാർഗം. മൂന്നുവർഷമായുള്ള വിലയിടിവ് വലിയ പ്രതിസന്ധിയായിരിക്കെയാണ് കുമിൾ രോഗവും തിരിച്ചടിയാകുന്നത്. കൃഷിനാശമുണ്ടായിട്ടും സർക്കാർ ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നാണ് ജെയ്സന്റെ ആരോപണം.
ഇലകളിൽ കറുത്ത പാടുകൾ വീണ് കൊഴിയുകയും ഇത് വിളയെ സാരമായി ബാധിക്കുകയും ചെയ്യുന്ന പൈറിക്കുലേറിയയെന്ന ഫംഗസ് രോഗമാണിതെന്നാണ് കൃഷിവകുപ്പിന്റെ നിഗമനം. മുന്പ് കിലോഗ്രാമിന് നൂറു രൂപ വരെ ലഭിച്ചിരുന്ന ഇഞ്ചിക്ക് ഇപ്പോൾ 30 രൂപയാണ് ലഭിക്കുന്നത്. പ്രതിസന്ധിക്ക് പരിഹാരം കാണാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.