HealthKerala

അമീബിക് മസ്തിഷ്‌ക ജ്വരം: ജാഗ്രതപാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് പലയിടത്തും അമീബിക് മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നെഗ്ഗെറിയ ഫൗലേറി എന്ന അമീബിയയാണ് രോഗത്തിന് കാരണമായ രോഗാണു. വെള്ളത്തിലുള്ള ബാക്ടീരിയകളെയും മറ്റും ഭക്ഷിച്ച് ജീവിക്കുന്ന ഇവ നമുക്ക് ചുറ്റുമുള്ള ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ധാരാളമായുണ്ട്.

അണുബാധ ഉണ്ടായാല്‍ 5 മുതല്‍ 10 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. സാധാരണ മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെങ്കിലും രോഗകാരണം അമീബയാണെങ്കില്‍ അസുഖം മൂര്‍ച്ഛിക്കുകയും ലക്ഷണങ്ങള്‍ തീവ്രമാകുകയും മരണത്തിന് കാരണമാകുകയും ചെയ്യും. തലച്ചോറിന് ചുറ്റുമുള്ള മെനിഞ്ചസ് എന്ന ആവരണത്തെ അമീബ ആക്രമിക്കുകയും തലച്ചോറില്‍ നീര്‍വീക്കമുണ്ടാക്കുകയും ചെയ്യും. മൂക്കില്‍ നിന്നും നേരിട്ട് തലച്ചോറിലേക്ക് പോകുന്ന നാഡികള്‍ വഴിയാണ് അമീബ തലച്ചോറില്‍ എത്തുന്നത്. തലച്ചോറിലെ ചില രാസവസ്തുക്കള്‍ വളരെ വേഗം ഭക്ഷണമാക്കുന്നതിനാല്‍ തലച്ചോര്‍തീനി അമീബകള്‍ എന്നും ഇവ അറിയപ്പെടുന്നു.

പ്രാഥമിക ലക്ഷണങ്ങള്‍

പനി, തലവേദന, ഓക്കാനം, ഛര്‍ദ്ദി, ബോധം നഷ്ടപ്പെടുക, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്/വേദന, നടുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ഗുരുതര ലക്ഷണങ്ങള്‍

അപസ്മാരം, ബോധക്ഷയം, പരസ്പരബന്ധം ഇല്ലാതെ സംസാരിക്കുക തുടങ്ങിയലക്ഷണങ്ങളും ഉണ്ടാകാം. ആരംഭത്തില്‍ത്തന്നെ ഡോക്ടറെ കണ്ട് ചികിത്സ എടുക്കുകയും മരുന്ന്കഴിച്ചിട്ടും മാറാത്ത പനിയും മറ്റ്‌ലക്ഷണങ്ങളുമുണ്ടെങ്കില്‍ കൂടുതല്‍ വിദഗ്ധചികിത്സ തേടുകയും വേണം. ഈ ലക്ഷണങ്ങളുള്ളവര്‍ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ അടുത്തകാലത്ത് കുളിക്കുകയോ വെള്ളം മൂക്കില്‍ കയറാന്‍ ഇടയാകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം. സ്വയംചികിത്സ പാടില്ല

പ്രതിരോധിക്കാം

വൃത്തിയില്ലാത്തകുളങ്ങള്‍/ജലാശയങ്ങള്‍, പാറയിടുക്കുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം, ക്‌ളോറിനേഷന്‍ നടത്താത്ത സ്വിമ്മിങ് പൂളുകള്‍ എന്നിവയില്‍ കുളിക്കുകയോ നീന്തുകയോ മുഖം കഴുകുകയോ ചെയ്യരുത്. നീന്തുമ്പോള്‍ വെള്ളം മുക്കിലൂടെ അകത്തേക്ക് കടക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എടുക്കണം. നോസ് പ്ലഗുകള്‍ ഉപയോഗിക്കുകയോ മൂക്കിലൂടെ വെള്ളം കടക്കാത്ത രീതിയില്‍ തല ഉയര്‍ത്തിപ്പിടിക്കുകയോ ചെയ്യുക. മൂക്കിലോ ചെവിയിലോ ഓപ്പറേഷന്‍ കഴിഞ്ഞവരും ചെവിയില്‍ പഴുപ്പുള്ളവരും മലിനമായ വെള്ളത്തില്‍ ഇറങ്ങരുത്, കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം .സ്‌കൂളുകള്‍,കോളേജുകള്‍ ,ആശുപത്രികള്‍, ലോഡ്ജുകള്‍,ഹോട്ടലുകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ടാങ്കുകള്‍ കഴുകിവെള്ളം ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!