
ന്യൂഡല്‍ഹി: അണ്ഡശീതീകരണം കുറച്ച് കാലങ്ങളായി പാശ്ചാത്യ രാജ്യങ്ങളില്‍ വളരെയധികം പ്രചാരത്തിലുള്ളതാണ്. ഇപ്പോള്‍ ഇത് ഇന്ത്യയിലും പതിയെ പിടിമുറുക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. എപ്പോള്‍ അമ്മയാകണമെന്ന് യുവതികള്‍ക്ക് തീരുമാനിക്കാം. പ്രസവവും ശിശുപരിപാലനവും കാരണം പഠനത്തിലും ജോലിയിലും മുഴുകാനാകാത്തവര്, രോഗങ്ങള്‍ കാരണം പ്രസവം വൈകിപ്പിക്കുന്നവര്‍. ഇവര്‍ക്കെല്ലാം ഒരു പോംവഴിയാണ് അണ്ഡശീതീകരണം. രാജ്യത്ത് അണ്ഡശീതീകരണ മാര്‍ഗം സ്വീകരിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ അസിസ്റ്റഡ് റിപ്രൊഡക്ഷന്റെ കണ്ടെത്തല്‍. കേരളത്തില്‍ അഞ്ചിരട്ടിയിലേറെ വര്‍ധനയുണ്ട്.
അണ്ഡശീതീകരണം എന്ന സംവിധാനം 1980കള്‍ മുതല്‍ നിലവിലുണ്ട്. എന്നാല്‍ ഇതിന് വേണ്ടത്ര പ്രചാരണം ഉണ്ടായിരുന്നില്ല. അമ്മയാകുക എന്നതിനെക്കാള്‍ മുമ്പ് തൊഴില്‍പരമായും സാമൂഹികപരമായും മുന്നേറുക എന്നത് സ്ത്രീകളുടെ മുന്‍ഗണനയായി മാറുന്ന കാലമാണിത്. ഈ സാഹചര്യത്തില്‍ അണ്ഡശീതീകരണം ഒരു അനുഗ്രഹം ആകുന്നു. 30 നും 35 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ഇത് കൂടുതലായി തിരഞ്ഞെടുക്കുന്നു. അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നതാണ് ഇതിന്റെ ശാസ്ത്രീയ രീതി. എപ്പോഴാണോ അമ്മയാകണമെന്ന് അണ്ഡത്തിന്റെ ഉടമയ്ക്ക് തോന്നുന്നത് അപ്പോള്‍ ഐവിഎഫ് വഴി ബീജവുമായി സംയോജിപ്പിച്ച് ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കും.
1.6 ലക്ഷം മുതല്‍ 2.5 ലക്ഷം രൂപ വരെയാണ് നിലവില്‍ ഇതിന് ചിലവ് വരുന്നത്. അണ്ഡം സൂക്ഷിക്കുന്നതിനായി പ്രതിമാസം 10,000 മുതല്‍ 20,000 രൂപ വരെ ചിലവാകും. അണ്ഡം നശിക്കാതെ 10 വര്‍ഷം വരെ സൂക്ഷിക്കാം. അതിന് ശേഷവും അമ്മയാകാന്‍ താത്പര്യമില്ലെങ്കില്‍ നശിപ്പിക്കുകയോ ഗവേഷണത്തിനായി സംഭാവന നല്‍കുകയോ ചെയ്യാം.