കുത്തിയൊലിച്ച് വെള്ളമെത്തുന്ന പാലത്തിലേക്ക് ചെറുകാറുമായി യുവാക്കൾ, നാട്ടുകാരുടെ മുന്നറിയിപ്പിന് പുല്ലുവില, കിട്ടിയത് മുട്ടൻപണി

വെള്ളം കയറിയ പാലത്തിലൂടെ മാരുതി കാറുമായി ഷോ നടത്താൻ ശ്രമിച്ച യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. പാലത്തിൽ വെള്ളം കയറിക്കിടക്കുകയാണെന്നും പോവല്ലേയെന്നും നാട്ടുകാർ പല തവണ ആവശ്യപ്പെട്ടിട്ടും മുന്നറിയിപ്പ് അവഗണിച്ചാണ് ചെറു മാരുതി കാർ പാലത്തിലേക്ക് യുവാക്കൾ ഓടിച്ച് കയറ്റിയത്. ഇടുക്കി തൂക്കുപാലത്താണ് സംഭവം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വെള്ളം കയറിയ പാലത്തിലൂടെ കാറുമായി പോകാൻ ശ്രമിച്ച യുവാക്കളാണ് എൻജിനിൽ വെള്ളം കയറി വണ്ടി ഓഫായി റോഡിൽ കുടുങ്ങിയത്. നാട്ടുകാർ തടഞ്ഞിട്ടും വകവയ്ക്കാതെ പാലത്തിലൂടെ കയറ്റുകയായിരുന്നു. പാലത്തിന് നടുവിൽ എത്തിയപ്പോൾ വാഹനം നിന്നു പോയി. പിന്നീട് നാട്ടുകാരുടെ സഹായത്തോടുകൂടിയാണ് വാഹനം മല വെള്ളപ്പാച്ചിലിൽ ഒഴുകി പോവാതെ കയറുകെട്ടി നിർത്തിയത്.
മുന്നറിയിപ്പ് നൽകുന്ന നാട്ടുകാരുടേയും വാഹനം കുടുങ്ങിയപ്പോൾ മുന്നറിയിപ്പ് അവഗണിച്ചതിന്റെ ഫലമാണെന്നും വിശദമാക്കുന്ന നാട്ടുകാരുടേയും കാർ പാലത്തിലെ വെള്ളത്തിൽ കുടുങ്ങുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തുലാവർഷത്തിന്റെ തുടക്കത്തിലേ സംസ്ഥാനത്ത് പ്രളയക്കെടുതി സാഹചര്യമാണ് നിലവിലുള്ളത്. ഇടുക്കിയുടെ മലയോര മേഖലകളിൽ മഴ ശക്തമാണ്. കുമളിയിൽ നിരവധി വീടുകളിൽ വെള്ളംകയറി. വാഹനങ്ങൾ ഒലിച്ചുപോയി. മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ഇന്നും നാളെയും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിശദമാക്കിയിട്ടുള്ളത്