
ഇടുക്കി : കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കനത്ത മഴയും ഉരുൾപൊട്ടലും മൂലം നാശനഷ്ടങ്ങൾ സംഭവിച്ച
കട്ടപ്പനയിലെ കുന്തളം പാറ, വി ടി നഗർ, കുരിശു പള്ളി തുടങ്ങിയ പ്രദേശങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, മറ്റ് റവന്യൂ അധികൃതർ, ജനപ്രതിനിധികൾ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സ്ഥിതിഗതികൾ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചു. റവന്യൂ വകുപ്പിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും. ഉരുൾപൊട്ടലുണ്ടായ കുന്തളംപാറയിലെ വീടുകളിലും മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിലും മന്ത്രി സന്ദർശനം നടത്തി.
മണ്ണിടിഞ്ഞ സ്ഥലങ്ങളുടെ വശങ്ങൾ കെട്ടി സംരക്ഷിക്കുന്നതിന് എസ്റ്റിമേറ്റ് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകി.. നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട തുടർ നടപടികൾ വേഗത്തിലാക്കാനും മന്ത്രി നിർദേശം നൽകി. കുരിശു പള്ളി പ്രദേശത്തെ അപകട ഭീഷണിയിലുള്ള എട്ട് കുടുംബങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കാൻ മന്ത്രി നിർദേശിച്ചു. മുല്ലപ്പെരിയാർ ഡാമിൽ നിന്ന് കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കി വിടേണ്ടി വന്നാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.