അസാധ്യമെന്നു കരുതുന്നത് സാധ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനസര്‍ക്കാരിന്റേത്: എ. രാജ എംഎല്‍എ

വെള്ളത്തൂവൽ: അസാധ്യമാണെന്ന് കരുതിയ പ്രവര്‍ത്തനങ്ങള്‍ പോലും നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് അഡ്വ. എ. രാജ എംഎല്‍എ. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വികസന സദസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. ദേവികുളം നിയോജകമണ്ഡലത്തില്‍ എട്ട് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് നാല് കോടി രൂപയുടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. ഒരു പഞ്ചായത്തിന് വേണ്ടുന്ന കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയാണ് പഞ്ചായത്ത് വികസനങ്ങള്‍ നടപ്പിലാക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.
വെള്ളത്തൂവല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച സദസില്‍ പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ജോഷി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തിന്റെ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങളുടെ റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി പി. കെ സതീഷ് കുമാര്‍ അവതരിപ്പിച്ചു.
സംസ്ഥാനസര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെയും വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന്റെയും വികസന പ്രവര്‍ത്തനങ്ങളുടെയും വീഡിയോ സദസില്‍ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഗ്രാമപഞ്ചായത്ത് എല്ലാ മേഖലകള്‍ക്കും ആനുപാതിക പ്രാധാന്യം നല്‍കിയുള്ള പദ്ധതികള്‍ ഏറ്റെടുത്തു നടപ്പിലാക്കിയിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ ആകെ 38776187 രൂപയുടെ പദ്ധതികളും സേവനമേഖലയില്‍ 193954678 രൂപയും റോഡുകളും കെട്ടിടങ്ങളും ഉള്‍പ്പെടുന്ന പശ്ചാത്തലമേഖലക്കായി 128753472 രൂപയുടെ പദ്ധതികളും നടപ്പിലാക്കി. കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, വനിതകള്‍ എന്നീ വിഭാഗങ്ങള്‍ക്കായി പ്രത്യേക പദ്ധതികളും സര്‍ക്കാരിന്റെ അഭിമാന പദ്ധതി ആയ ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി 266 വീടുകളാണ് പഞ്ചായത്ത് ഗുണഭോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ളത്. സാമൂഹികസുരക്ഷാ പദ്ധതി മുഖേന 3924 പേര്‍ക്ക് പഞ്ചായത്ത് പെന്‍ഷന്‍ നല്‍കുന്നത്. ആരോഗ്യരംഗത്ത് ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ പഞ്ചായത്തിന് സാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു.
സദസിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആര്‍ ജയന്‍, പഞ്ചായത്തംഗങ്ങളായ എബിന്‍ കെ.കെ, മിസറി പരീക്കുട്ടി, മഞ്ജു ബിജു, ജോണ്‍സണ്‍ കെ.ബി., റ്റി.ആര്‍. ബിജി, ഷിബി എല്‍ദോസ്, ജെയ്സി ജോസഫ്, വെള്ളത്തൂവല്‍ മാര്‍ത്തോമ ഇടവക വികാരി റവ. ഫാദര്‍ ജെറിന്‍ കെ മാത്യു, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, വ്യാപാരികള്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി അധ്യാപകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു.