മാങ്കുളം സുകുമാരൻകടക്കും സൊസൈറ്റിപടിക്കും ഇടയിൽ റോഡിൽ രൂപം കൊണ്ടിട്ടുള്ള ഗർത്തം അപകടക്കെണിയാകുന്നു..

കല്ലാർ മാങ്കുളം റോഡിൽ മാങ്കുളം സുകുമാരൻകടക്കും സൊസൈറ്റി പടിക്കും ഇടയിലാണ് അപകട സാധ്യത സൃഷ്ടിച്ച് റോഡിൽ വലിയ ഗർത്തം രൂപം കൊണ്ടിട്ടുള്ളത്. ഒരു കലുങ്കും കലുങ്കിന് ശേഷം വളവോടും ഇറക്കത്തോടും കൂടിയ ഭാഗമാണിവിടം. ഇറക്കമിറങ്ങി വളവ് തിരിഞ്ഞെത്തുമ്പോൾ മാത്രമെ റോഡരികിലെ ഈ ഗർത്തം വാഹനയാത്രികരുടെ ശ്രദ്ധയിൽപ്പെടുകയൊള്ളു. രാത്രികാലത്ത് ഈ അപകട സാധ്യത തിരിച്ചറിയാൻ വളരെ പ്രയാസമാണ്. കഴിഞ്ഞ രാത്രിയിൽ ഇതുവഴിയെത്തിയ ഇരുചക്ര വാഹനയാത്രികൻ ഈ ഭാഗത്ത് അപകടത്തിൽപ്പെട്ടു.വാഹനം കുഴിയിലകപ്പെട്ടു
പരിക്കുകളോടെ ബൈക്ക് യാത്രികൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.വിനോദ സഞ്ചാര വാഹനങ്ങളടക്കം ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നത് ഇതുവഴിയാണ്.മഴ പെയ്യുമ്പോൾ ഈ ഭാഗത്ത് കൂടി വെള്ളമൊഴുക്ക് ശക്തമാണ്. തുടർച്ചയായി ഗർത്തത്തിനുള്ളിലേക്ക് വെള്ളമൊഴുകി ചാടിയിൽ കുഴിയുടെ വലിപ്പം വർധിക്കാനും റോഡിൻ്റെ കെട്ടടക്കം ഇടിഞ്ഞ് കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാകാനും സാധ്യത നിലനിൽക്കുന്നു.ഗർത്തം രൂപം കൊണ്ട് ദിവസങ്ങളായിട്ടും അപകട സാധ്യതയൊഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് ഇടപെടാത്തതിൽ പ്രതിഷേധവും ശക്തമാണ്. കുഴിയടക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യമുന്നയിച്ചിട്ടും ബന്ധപ്പെട്ട വകുപ്പുകൾ ഇതിനോട് മുഖം തിരിക്കുന്നുവെന്നാണ് ആക്ഷേപം.



