വാളറ മുതല്‍ മൂന്നാര്‍ വരെ ദേശിയപാതയിലെ നവീകരണ ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നു

അടിമാലി: ദേശീയപാത 85ന്റ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധി തുടരുമ്പോഴും വാളറ മുതല്‍ മൂന്നാര്‍ വരെ ദേശിയപാതയിലെ മറ്റിടങ്ങളില്‍ നവീകരണ ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള പാതയുടെ നവീകരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
അടിമാലിയും മൂന്നാറുമൊക്കെയടങ്ങുന്ന ഹൈറേഞ്ച് മേഖലയുടെ വികസനത്തിന് ആക്കം കൂട്ടുന്നതാണ് ദേശിയപാത85ന്റെ നവീകരണ ജോലികള്‍. മൂന്നാറിന്റെയും സമീപ മേഖലകളുടെയും ടൂറിസം വികസനത്തിന് കൂടി കരുത്താകുന്ന പദ്ധതിയാണിത്. കോടതി ഇടപെടലിനെ തുടര്‍ന്ന് ദേശിയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധി നിലനില്‍ക്കുമ്പോഴും വാളറ മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗത്ത് വളരെ വേഗത്തില്‍ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നുണ്ട്.
മണ്ണ് നീക്കിയും സംരക്ഷണ ഭിത്തികള്‍ തീര്‍ത്തും പാതയുടെ വീതി വര്‍ധിപ്പിക്കുന്ന ജോലികളാണിപ്പോള്‍ നടന്നു വരുന്നത്. ഓടകളുടെ നിര്‍മ്മാണവും നടക്കുന്നു. നേര്യമംഗലത്ത് പുതിയ പാലവും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള പാതയുടെ വീതി കുറവ് തിരക്കേറുന്ന സമയങ്ങളില്‍ ഗതാഗതകുരുക്കിനും അപകടങ്ങള്‍ക്കും ഇടവരുത്താറുണ്ട്. പാതയുടെ നവീകരണം സാധ്യമാകുന്നതോടെ ഗതഗത കുരുക്കിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.