ദേവികുളം മിഡില്‍ ഡിവിഷനില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകള്‍ കൃഷിനാശം വരുത്തി

മൂന്നാര്‍: മൂന്നാറില്‍ തോട്ടം മേഖലയിലെ കാട്ടാന ഭീതിയൊഴിയുന്നില്ല. തോട്ടം മേഖലയിലെ ജനവാസ മേഖലയില്‍ ദിവസവും കാട്ടാന ശല്യം വര്‍ധിച്ച് വരുന്ന സ്ഥിതിയുണ്ട്. ദേവികുളം മിഡില്‍ ഡിവിഷനില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകള്‍ കൃഷിനാശം വരുത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനകള്‍ ഈ മേഖലയില്‍ നിലയുറപ്പിച്ചിട്ടുള്ള സാഹചര്യം ഉണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഇത് കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നു.കാട്ടാനകളുടെ സാന്നിധ്യം വര്‍ധിച്ചതോടെ ആളുകള്‍ രാത്രികാലത്ത് പുറത്തിറങ്ങാന്‍ ഭയക്കുന്ന സ്ഥിതിയുണ്ട്. പുലര്‍ച്ചെ തോട്ടം തൊഴിലിനിറങ്ങുമ്പോള്‍ കാട്ടാനകളുടെ മുമ്പില്‍പ്പെടുമോയെന്ന ആശങ്കയും ആളുകള്‍ക്കുണ്ട്. കാട്ടാനകള്‍ സ്ഥിരമായി പ്രദേശത്ത് തമ്പടിക്കുന്ന സ്ഥിതിയുണ്ടായാല്‍ അപകടത്തിന് ഇടവരുത്തും. ആനകളെ ജനവാസ മേഖലയില്‍ നിന്നും തുരത്തണമെന്നാണ് ആവശ്യം.
സെലന്റ് വാലി മേഖലയില്‍ ഒറ്റയാന്‍ പടയപ്പയുടെ സാന്നിധ്യവും ആളുകളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. മഴ മാറി വേനല്‍ക്കാലമാരംഭിക്കുന്നതോടെ കാട്ടാന കൂട്ടങ്ങള്‍ കൂടുതലായി കാടിറങ്ങിയാല്‍ തൊഴിലാളി കുടുംബങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാകും.