
അടിമാലി: നിരവധി വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്ന വെള്ളത്തൂവല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലേക്കുള്ള നടപ്പാതയുടെ വശങ്ങളിലെ പൊന്തക്കാട് വെട്ടിനീക്കാന്‍ നടപടി വേണമെന്നാവശ്യം. വെള്ളത്തൂവല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലേക്കുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ദിവസവും യാത്ര ചെയ്യുന്ന നടപ്പാതയുടെ ഓരത്താകെ വലിയ തോതില്‍ പൊന്തക്കാട് വളര്‍ന്ന് നില്‍ക്കുന്നതാണ് പരാതിക്ക് ഇടവരുത്തിയിട്ടുള്ളത്.
ഹൈസ്‌ക്കൂളിന് പുറമെ എല്‍ പി, യു പി വിഭാഗങ്ങളിലെ കുട്ടികളും ഈ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. പാതയോരമാകെ കാട് കയറി മൂടിയതോടെ വിഷജന്തുക്കളുടെ സാന്നിധ്യം വര്‍ധിച്ചിട്ടുള്ളത് അപകട സാധ്യത ഉയര്‍ത്തുന്നു. ദിവസവും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്ന ഈ പാതയിലെ പൊന്തക്കാടുകള്‍ വെട്ടിനീക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് ബി ഇടുക്കി ജില്ലാ പ്രസിഡന്റ് സിബി വെള്ളത്തൂവല്‍ ആവശ്യപ്പെട്ടു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് നിര്‍മ്മിച്ച നിരവധി കെ എസ് ഇ ബി കോട്ടേഴ്‌സ് കെട്ടിടങ്ങളും ഉപയോഗമില്ലാതെ കാട് കയറി നശിക്കുന്നുണ്ട്. ഈ പ്രദേശമാകെ കാട് കയറി കിടക്കുന്നത് ഇഴ ജന്തുക്കളുടെ സാന്നിധ്യം വര്‍ധിക്കാന്‍ ഇടയാക്കുന്നുവെന്നും പരാതിയുണ്ട്. പാതയോരത്തെ പൊന്തക്കാട് വെട്ടി നീക്കി വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷിതമാക്കിയില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും കേരള യൂത്ത് ഫ്രണ്ട് ബി ഇടുക്കി ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.