‘മുരാരി ബാബു സ്വർണപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് മനപ്പൂർവ്വം’; ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഗൂഢാലോചന നടത്തി; റിമാൻഡ് റിപ്പോർട്ട്

സ്വർണ്ണപ്പാളികൾ, ചെമ്പെന്ന് എന്ന് രേഖപ്പെടുത്തിയത് മനപ്പൂർവ്വം. 1998ൽ തന്നെ പാളികൾ സ്വർണം പൂശിയതായി മുരാരി ബാബുവിന് വ്യക്തതയുണ്ടായിരുന്നു. തട്ടിപ്പിനായി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഗൂഢാലോചന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
മുരാരി നടത്തിയ ഗൂഢാലോചനകൾ എണ്ണിപ്പറഞ്ഞാണ് അന്വേഷണസംഘത്തിന്റെ റിമാൻഡ് റിപ്പോർട്ട്. ബോധപൂർവം തട്ടിപ്പുകൾക്ക് കൂട്ടുനിന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മുരാരി ബാബു ക്ഷേത്ര ശ്രീകോവിൽ കട്ടളയിലെ സ്വർണ്ണം കൊള്ള ചെയ്ത കേസിലും പ്രതി എന്ന് എസ്ഐടി കോടതിയിൽ പറഞ്ഞു. ശബരിമല ക്ഷേത്ര വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മുരാരി ബാബുവിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. അന്വേഷണസംഘം കസ്റ്റഡി ആവശ്യപ്പെട്ടില്ല. പിന്നീട് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. രണ്ട് ആഴ്ചത്തേക്കാണ് മുരാരി ബാബുവിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി പത്തു മണിയോടെ പെരുന്നയിലെ വീട്ടിൽ നിന്നാണ് മുരാരി ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്. അർധരാത്രിയോടെ തിരുവനന്തപുരം ഈഞ്ചക്കലുള്ള ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു ചോദ്യം ചെയ്തു.രാവിലെ ഒൻപത് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി.
സ്വർണ്ണക്കൊള്ളയിലെ അന്വേഷണം ഉണ്ണികൃഷ്ണൻ പോറ്റിയിലുംസ്വർണപ്പാളിയിലും മാത്രം ഒതുക്കരുതെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാലറിപ്പോർട്ടിനു ശേഷമുള്ള ഹൈക്കോടതി നിർദേശം. തുടർന്നാണ് ഉദ്യോഗസ്ഥ ഗൂഢാലോചനയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതും മുരാരി ബാബുവിന്റെ അറസ്റ്റും.



