അടിമാലി വിദ്യാഭ്യാസ ഉപജില്ല സ്‌കൂള്‍ കലോത്സവം ഈ മാസം 25 മുതല്‍ പാറത്തോട്ടില്‍

അടിമാലി: അടിമാലി വിദ്യാഭ്യാസ ഉപജില്ല സ്‌കൂള്‍ കലോത്സവം ഈ മാസം 25 മുതല്‍ 29വരെ പാറത്തോട് സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 25, 27, 28, 29 തിയതികളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. 25ന് രചനാ മത്സരങ്ങളും ബാക്കി ദിവസങ്ങളില്‍ സ്റ്റേജ് മത്സരങ്ങളും നടക്കും. 8 പഞ്ചായത്തുകളിലെ എഴുപതോളം സ്‌കൂളുകളില്‍ നിന്നായി മൂവായിരത്തില്‍പരം കൗമാര പ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരക്കും.
കലോത്സവ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 27ന് രാവിലെ 10ന് കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉടുമ്പന്‍ചോല എം എല്‍ എ എം എം മണി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.അഡ്വ. എ രാജ എം എല്‍ എ, ഇടുക്കി രൂപത വിദ്യഭ്യാസ സെക്രട്ടറി റവ. ഡോ. ജോര്‍ജ്ജ് തകിടിയേല്‍ എന്നിവര്‍ പങ്കെടുക്കും.
അടിമാലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘടാക സമിതി ചെയര്‍മാന്‍ എന്‍ വി ബേബി, കണ്‍വീനര്‍ ബിനോയി ജോസഫ്, ആനിയമ്മ ജോര്‍ജ്ജ്, സി കെ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.



