അടിമാലി എട്ടുമുറിക്ക് സമീപം മണ്ണിടിച്ചിൽ; ഒരു കുടുംബം മണ്ണിനടിയിൽ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

അടിമാലി: കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ അടിമാലി എട്ടുമുറിക്ക് സമീപം മണ്ണിടിച്ചിൽ. അടിമാലി ലക്ഷംവീട് ഉന്നതിയിലാണ് സംഭവം. മൂന്ന് വീടുകൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഒരു കുടുംബത്തിലെ രണ്ട് പേർ മണ്ണിനടിയിൽ കുടുങ്ങി. ഇവർ വീടിന്റെ ഹാളിലാണ് കുടുങ്ങിയത്.

ലക്ഷംവീട് നിവാസികളായ ബിജുവും ഭാര്യ സന്ധ്യയുമാണ് കുടുങ്ങിക്കിടക്കുന്നത്. പൊതുപ്രവർത്തകർ ബിജുവുമായി ഫോണിൽ സംസാരിച്ചു. ഇവരെ പുറത്തുകൊണ്ടുവരാനുള്ള രക്ഷാ പ്രവര്‍ത്തനം നടന്നുവരികയാണ്. ജെസിബി ഉള്‍പ്പെടെ ഇതിനായി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ചെങ്കുത്തായി നിന്നൊരു കൂന താഴേക്ക് പതിക്കുകയായിരുന്നു. സ്ഥലത്ത് വൈദ്യുതി അടക്കം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.
ഇന്ന് പകലോടുകൂടി ‘ഉന്നതി’ കോളനിക്ക് മുകൾ ഭാഗത്ത് വലിയ വിള്ളൽ രൂപപ്പെട്ടിരുന്നു. ഈ വിള്ളലിന് സമീപത്താണ് വൈകിട്ടോടെ വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. 22 കുടുംബങ്ങളെ നേരത്തെ തന്നെ അടിമാലി ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. വൈകിട്ട് വീട്ടിലേക്ക് തിരിച്ചെത്തിയ കുടുംബത്തിന്റെ വീടിൻ്റെ സമീപത്തേക്കാണ് മണ്ണ് വീണത് എന്നാണ് വിവരം.
കുടുങ്ങിയവർ അപകടാവസ്ഥയിൽ അല്ല എന്നാണ് സൂചന. അവർക്ക് മറ്റ് പരുക്കുകളൊന്നും സംഭവിച്ചിട്ടില്ല. ഉദ്യോഗസ്ഥരുമായി കൃത്യമായി ആശയവിനിമയം നടത്തുന്നുണ്ട്. വീടിന് ചുറ്റും മണ്ണ് വീണതിനാൽ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. വീടിനടുത്തേക്ക് രക്ഷാപ്രവർത്തകർ എത്തിയിട്ടുണ്ട്. അൽപ സമയത്തിനകം ഇവരെ പുറത്തെത്തിക്കാൻ സാധിക്കും എന്നാണ് ഫയർഫോഴ്‌സ് അറിയിച്ചിരിക്കുന്നത്.
അതെ സമയം, രക്ഷപ്രവർത്തനം വേഗത്തിലാക്കാൻ എന്‍ഡിആര്‍എഫ് സംഘവും എഡിഎമ്മും അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും ഫയര്‍ഫോഴ്‌സും പൊലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജാഗ്രതാ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും ലംഘിക്കാന്‍ പാടില്ലെന്നും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുളള എല്ലാ നടപടികളും തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



