KeralaLatest News

ലൈസൻസില്ല, ഡ്രൈവർമാർ ബസ് ഓടിക്കുന്നത് MDMA ഉപയോഗത്തിന് ശേഷം’; ആലുവയിലെ ബസ് ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശങ്ങൾ പുറത്ത്

ആലുവയിലെ ബസ് ജീവനക്കാർക്കിടയിൽ വ്യാപക ലഹരി ഉപയോഗം. കാരുണ്യ യാത്രയുടെ പേരിൽ പണം പിരിച്ച് ഡ്രൈവർ എംഡി എം എ വാങ്ങിയെന്ന് ആരോപണം. ആലുവയിലെ ബസ് ജീവനക്കാരുടെ ചങ്ക്സ് ഡ്രൈവേഴ്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ആലുവ സ്റ്റാൻഡിൽ ബസോടിക്കുന്ന ആരും നല്ലതല്ലെന്നും മിക്കവാറും എംഡിഎംഎ കഞ്ചാവ് മുതലായ ലഹരി വസ്തുക്കൾ ഉപയോഗിച്ചാണ് ബസ്സോടിക്കാനായി എത്തുന്നതെന്നും ജീവനക്കാരിൽ പലർക്കും ലൈസൻസ് പോലും ഇല്ലെന്ന് ശബ്ദ സന്ദേശത്തിൽ ഡ്രൈവർ പറഞ്ഞു. മത്സരയോട്ടത്തിനും പൊതുനിരത്തിലെ അപകടങ്ങൾക്കും ഇടയിലാണ് സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള നടുക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.

തന്നെപ്പെടുത്തിയാൽ എല്ലാവരെയും പെടുത്തുമെന്നായിരുന്നു ലഹരി ഉപയോഗിച്ച ഡ്രൈവറുടെ ഭീഷണി. പൊടി (എംഡിഎംഎ) എടുത്തത് താനെന്ന് ശബ്ദ സന്ദേശത്തിൽ ഡ്രൈവർ സമ്മതിച്ചു. കഴിഞ്ഞ ദിവസം ആലുവ സ്റ്റാൻഡിൽ നടന്ന കാരുണ്യഓട്ടം നടത്തിയിരുന്നു. ഇതിലുണ്ടായ ക്രമക്കേട് മറ്റുബസിലെ ജീവനക്കാർ ചോദ്യം ചെയ്യുകയുണ്ടായി.ഇതിന് പിന്നാലെയാണ് ഡ്രൈവറുടെ ശബ്ദസന്ദേശം പുറത്തുവന്നത്. ഗുരുതരമായ ആരോപണങ്ങളാണ് ശബ്ദസന്ദേശത്തിൽ ഉള്ളത്. ലൈസൻസ് ഇല്ലാത്ത കണ്ടക്ടർമാർ ആണ് ബസുകളിൽ ഉള്ളതെന്നും എംഡിഎംഎ വാങ്ങുന്ന ആളുകളും വാഹനം ഓടിക്കുന്നുണ്ടെന്നും വെളിപ്പെടുത്തൽ ഉണ്ട്.

അതേസമയം, ആലുവയിലെ ബസ് ജീവനക്കാർക്കിടയിലെ ലഹരി ഉപയോഗത്തിൽ കർശനമായ നടപടി ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. പുറത്തുവന്ന വാട്സാപ്പ് സന്ദേശം ഗൗരവകരമായതാണ്. പാവപ്പെട്ട ജീവനുകളെ ബാധിക്കുന്ന വിഷയമാണിതെന്നും എല്ലാ ബസുകളിലും കർശന പരിശോധന നടത്തി സംശയം തോന്നുന്ന എല്ലാവരെയും പിടിക്കും. ഇന്ന് രാത്രി തന്നെ എസ്പിയായും കമീഷണറുമായും സംസാരിച്ച് എംവിഡിയെ ഇറക്കി എല്ലാ ബസുകളും പരിശോധിക്കും. ഇനിമുതൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യൽ ആയിരിക്കില്ല റദ്ദാക്കലായിരിക്കും ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!