
അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന നവംബർ 1നു സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി രൂപീകൃതമായിട്ട് 15 വർഷം തികയും. പഞ്ചായത്തായി മാറിയിട്ടും അടിസ്ഥാന സൗകര്യവികസനത്തിന്റെ കാര്യത്തിൽ ഇടമലക്കുടി ഇന്നും സംസ്ഥാനത്തെ ഏറ്റവും പിന്നാക്ക പഞ്ചായത്തായി തുടരുന്നു. മൂന്നാർ പഞ്ചായത്തിലെ ഒന്നാം വാർഡ് മാത്രമായിരുന്ന ഇടമലക്കുടിയെ 2010 നവംബർ ഒന്നിനാണ് സ്വതന്ത്ര പഞ്ചായത്തായി സർക്കാർ പ്രഖ്യാപിച്ചത്. മുതുവാൻ വിഭാഗത്തിൽപെട്ട ആദിവാസി വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഒരു പഞ്ചായത്ത് രൂപീകരിച്ചത്.
രാജമല പെട്ടിമുടിയിൽനിന്നു 17 കിലോമീറ്റർ ഉൾവനത്തിലാണ് ഇടമലക്കുടി സ്ഥിതി ചെയ്യുന്നത്. 26 സെറ്റിൽമെന്റുകളിലുള്ള 856 വീടുകളിലായി 2236 പേരാണ് ഈ പഞ്ചായത്തിലുള്ളത്. ഭൂരിഭാഗം ജനങ്ങളും താമസിക്കുന്നത് കാട്ടു മരങ്ങളുടെ കമ്പും മണ്ണും പുല്ലും ഉപയോഗിച്ച് നിർമിച്ച വീടുകളിലാണ്. സർക്കാർ ലൈഫ്മിഷൻ പദ്ധതി പ്രകാരം നൂറിലധികം വീടുകൾ അടുത്തയിടെ നിർമിച്ചു. സ്കൂൾ, ആശുപത്രി, വിവിധ സർക്കാർ ഓഫിസുകൾ എന്നിവ ഇവിടെ ഉണ്ടെങ്കിലും സൗകര്യങ്ങളില്ല



