KeralaLatest NewsLocal news

അടിമാലി ലക്ഷംവീട് നഗറിനെ രണ്ട് സോണായി തിരിച്ച് വിദഗ്ധസമിതിയുടെ പരിശോധനാ റിപ്പോര്‍ട്ട്

അടിമാലി: ദേശീയപാതയോരത്ത് മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ അടിമാലി ലക്ഷംവീട് നഗറിനെ രണ്ട് സോണായി തിരിച്ച് വിദഗ്ധസമിതിയുടെ പരിശോധനാ റിപ്പോര്‍ട്ട്. മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ ശേഷം പ്രദേശത്തിന്റെ സുരക്ഷ സംബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. ഈ സമതിയുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ലക്ഷംവീട് നഗറിനെ രണ്ട് സോണായി തിരിച്ചിട്ടുള്ളത്. അപകടസാധ്യതയുള്ള സ്ഥലത്തെ റെഡ് സോണായിട്ടാണ് കണക്കാക്കുന്നത്.

മണ്ണിടിച്ചിലുണ്ടായി നാശനഷ്ടങ്ങളുണ്ടായ ഭാഗമാണ് ഇത്. ഇവിടെ 24 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. ഇതിന് അപ്പുറമുള്ള ഉയര്‍ന്നപ്രദേശത്തെ താരതമ്യേന അപകട സാധ്യത കുറഞ്ഞ ഓറഞ്ച് സേണായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ഇവിടെ 25 കുടുംബങ്ങളുമുണ്ട്. റെഡ് സോണായി കണ്ടെത്തിയ ഭാഗത്തേക്ക് കുടുംബങ്ങള്‍ക്ക് തല്‍ക്കാലം തിരികെ വരാന്‍ കഴിയില്ല. ഓറഞ്ച് സോണായി കണ്ടെത്തിയിട്ടുള്ള ഭാഗത്തെ വീടുകളിലേക്ക് കുടുംബങ്ങളെ തിരികെ അയയ്ക്കാമെന്ന് ദേവികുളം സബ്കളക്ടര്‍, വില്ലേജ് അധികൃതര്‍ക്കും പഞ്ചായത്തിനും നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ ക്യാമ്പുകളില്‍ നിന്നും ഈ കുടുംബങ്ങള്‍ വീടുകളിലേക്ക് തിരികെ പോയിട്ടില്ല. ഇടിഞ്ഞ ഭാഗത്തോട് ചേര്‍ന്ന് വീണ്ടും ഇടിയാന്‍ തക്കരീതിയില്‍ മണ്ണ് അവശേഷിക്കുന്നതും പ്രദേശത്ത് വിള്ളല്‍ രൂപം കൊണ്ടിട്ടുള്ളതുമാണ് കുടുംബങ്ങളുടെ ആശങ്കക്ക് അടിസ്ഥാനം.bകുടുംബങ്ങളെ തിരികെ അയക്കുന്ന കാര്യത്തില്‍ ഗ്രാമപഞ്ചായത്തധികൃതരിലും ആശങ്കയുണ്ട്. മഴക്കാലമായാല്‍ ഓറഞ്ച് സോണിലും ജാഗ്രതാ നിര്‍ദേശം നല്‍കണമെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

റെഡ് സോണിലുള്ള എട്ട് കുടുംബങ്ങളെ കഴിഞ്ഞദിവസം കത്തിപ്പാറയിലേക്ക് താല്‍ക്കാലികമായി മാറ്റി പാര്‍പ്പിച്ചിരുന്നു. റെഡ് സോണിലുള്‍പ്പെട്ട മറ്റ് കുടുംബങ്ങളെ സര്‍ക്കാര്‍ സ്‌കൂളിലെ ക്യാമ്പില്‍ നിന്ന് മറ്റൊരിടത്തേക്ക് താല്‍ക്കാലികമായി മാറ്റുന്നത് സംബന്ധിച്ചും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഈ നിര്‍ദ്ദേശം ദുരിതബാധിതര്‍ അംഗീകരിച്ചിട്ടില്ല.ശുചിമുറികളുടെയടക്കം കുറവാണ് കുടുംബങ്ങള്‍ ചൂണ്ടികാണിക്കുന്നത്. നാളെ കളകട്രേറ്റില്‍ നടക്കുന്ന യോഗത്തില്‍ ഇക്കാര്യങ്ങളിലെല്ലാം വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!