മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശിയപാത85ല്‍ അടിമാലി ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടിട്ട് ഒരാഴ്ച്ചയോടടുക്കുന്നു
അടിമാലി: മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശിയപാത85ല്‍ അടിമാലി ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടിട്ട് ഒരാഴ്ച്ചയോടടുക്കുകയാണ്. കഴിഞ്ഞ വെള്ളയാഴ്ച്ച വൈകിട്ടായിരുന്നു ലക്ഷം വീട് ഭാഗത്ത് ആദ്യ മണ്ണിടിച്ചില്‍ സംഭവിച്ചത്. ഈ മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് ശനിയാഴ്ച്ച രാത്രിയില്‍ വലിയ മണ്ണിടിച്ചില്‍ സംഭവിച്ചത്. ഇടിഞ്ഞെത്തിയ മണ്ണ് ദേശിയപാതയില്‍ തന്നെ കൂടി കിടക്കുന്നു.
മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല. കൂമ്പന്‍പാറയില്‍ നിന്നും അടിമാലി ടൗണില്‍ സെന്റര്‍ ജംഗ്ഷന്‍ ഭാഗത്ത് നിന്നുമാണ് ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം വഴി തിരിച്ച് വിട്ടിരിക്കുന്നത്. പ്രദേശത്തെ ഇടവഴികളിലൂടെയാണ് നിലവില്‍ വാഹനങ്ങള്‍ കടന്നു പോകുന്നത്. തങ്ങളുടെ പുനരധിവാസ കാര്യങ്ങളില്‍ തീരുമാനമാകാതെ ഇടിഞ്ഞെത്തിയ മണ്ണ് നീക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്. കഴിഞ്ഞ ദിവസം മണ്ണ് നീക്കാന്‍ യന്ത്രസാമഗ്രികള്‍ എത്തിച്ചെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് തുടര്‍ജോലികള്‍ ഉണ്ടായില്ല. ഇടുങ്ങിയതും കയറ്റവും വളവും നിറഞ്ഞ വഴികളിലൂടെയാണ് ഗതാഗതം വഴിതിരിച്ച് വിട്ടിട്ടുള്ളത്.
ചെറിയ അപകടങ്ങള്‍ ഇതിനോടകം പല തവണ ഇടവഴികളില്‍ സംഭവിച്ച് കഴിഞ്ഞു. നിരന്തരം വലിയ വാഹനങ്ങള്‍ ഓടിയാല്‍ ഇടവഴികള്‍ വേഗത്തില്‍ തകരാനും കാരണമാകും. ബസടക്കം വലിയ വാഹനങ്ങള്‍ പ്രയാസപ്പെട്ടാണ് ചെറുവഴികളിലൂടെ കടന്നു പോകുന്നത്. ദുരിതബാധിതരുടെ ആവശ്യത്തില്‍ പരിഹാരം കണ്ടെത്തി, മണ്ണ് നീക്കി ദേശിയപാത തുറക്കാനുള്ള ജോലികള്‍ ആരംഭിക്കണമെന്നും ആവശ്യമുയരുന്നു.


