ഓപ്പറേഷൻ സൈ ഹണ്ട്: കോതമംഗലത്ത് നടത്തിയ റെയ്ഡിൽ പിടിയിലായ ഒരാളെ റിമാന്റ് ചെയ്തു.

കോതമംഗലം : ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഒരാൾ റിമാന്റിൽ. കോതമംഗലം പോലീസ് അറസ്റ്റ് ചെയ്ത വാരപ്പെട്ടി ഇഞ്ചൂർ വട്ടക്കുടിയിൽ മുഹമ്മദ് യാസിൻ (22) നെയാണ് റിമാന്റ് ചെയ്തത്. ഇയാളുടെ അക്കൗണ്ടിലേക്ക് പല അക്കൗണ്ടുകളിൽ നിന്നും 297000 രൂപ വന്നിട്ടുണ്ട്. ഈ മ്യൂൾ അക്കൗണ്ട് വഴി ചെക്ക് ഉപയോഗിച്ചും അല്ലാതെയും പണം പിൻവലിച്ച് സംഘടിത കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു. അന്വേഷണസംഘ ത്തിൽ ഇൻസ്പെക്ടർ പി.റ്റി. ബിജോയ് യുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സൈബർ തട്ടിപ്പ് തടയാൻ ഓപ്പറേഷൻ സൈ – ഹണ്ടുമായി പോലീസ്. ഇതുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ 43 പേരെ അറസ്റ്റ് ചെയ്തു. ഏറ്റവും കൂടുതൽ പേരെ പിടികൂടിയത് കോതമംഗലത്ത് നിന്നും മൂവാറ്റുപുഴയിൽ നിന്നുമാണ്. എട്ടു പേരെ വീതം ഇവിടെനിന്നും അറസ്റ്റ് ചെയ്തു. ആലുവ, എടത്തല, പെരുമ്പാവൂർ എന്നിവിടങ്ങളിൽ 4 പേർ വീതവും, തടിയിട്ടപറമ്പ് 3 പേരെയും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. മൊത്തം 102 ഇടങ്ങളിലായിരുന്നു പരിശോധന. മൂവാറ്റുപുഴയിൽ മുപ്പത്താറ് ഇടങ്ങളിലും, കോതമംഗലത്ത് 21 ഇടങ്ങളിലും പരിശോധന നടത്തി. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾ തടയുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പരിശോധന നടത്തിയത്.



