
മൂന്നാര്‍: കാട്ടുകൊമ്പന് പടയപ്പ വീണ്ടും മൂന്നാറിലെ ജനവാസ മേഖലയിലെത്തി. മൂന്നാര്‍ നല്ലതണ്ണി മേഖലയിലാണ് പടയപ്പ ഉള്ളത്.
കല്ലാറിലുള്ള പഞ്ചായത്തിന്റെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിന്റെ ഭാഗത്തും പടയപ്പ ചുറ്റിത്തിരിയുന്നുണ്ട്. നാളുകള്‍ക്ക് മുമ്പും കാട്ടാന മാലിന്യ സംസ്ക്കരണ കേന്ദ്രത്തിന്റെ ഭാഗത്തെത്തിയിരുന്നു.

മാലിന്യം ഭക്ഷിക്കുന്നത് കാട്ടാനയുടെ ജീവന് ഭീഷണിയാകുമെന്ന വാദം അന്നുയര്‍ന്നിരുന്നു.പിന്നീട് പടയപ്പ ഇവിടെ നിന്നും പിന്‍വാങ്ങിയിരുന്നു.ഇതിന് ശേഷമാണിപ്പോള്‍ വീണ്ടും ഈ ഭാഗത്ത് പടയപ്പയുടെ സാന്നിധ്യമുണ്ടായിട്ടുള്ളത്.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ പടയപ്പ പതിവായി തന്നെ ജനവാസമേഖലകളിലും റോഡിലുമൊക്കെയിറങ്ങുന്ന സ്ഥിതിയുണ്ടായിരുന്നു. തുടര്‍ന്ന് വനം വകുപ്പിന്റെ ആര് ആര് റ്റി സംഘം പടയപ്പയെ കാട്ടിലേക്ക് തുരത്തുന്ന നടപടികള്‍ ആരംഭിക്കുകയും കാട്ടാനയെ കാടു കയറ്റുകയും ചെയ്തിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് കുറ്റിയാര്‍വാലി മേഖലയില്‍ എത്തിയ കാട്ടുകൊമ്പന്
പ്രദേശത്ത് കൃഷിനാശം വരുത്തിയിരുന്നു.മഴക്കാലമാരംഭിച്ച് വനത്തില്‍ തീറ്റയുടെ ലഭ്യത വര്‍ധിക്കുന്നതോടെ ആന പൂര്‍ണ്ണമായി വനത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ തൊഴിലാളി കുടുംബങ്ങള്‍.