വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം: സരസ്വതിയ്ക്കും രാജാമണിയ്ക്കും സ്വന്തം ഭൂമിയില്‍ ഇനി വീട് വയ്ക്കാം;ബംഗ്ലാംകുന്നിനും ഇത് സ്വപ്ന സാഫല്യം

നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുറ്റിയാര്‍വാലി സ്വദേശികളായ സരസ്വതിയ്ക്കും ഭര്‍ത്താവ് പി.രാജാമണിയ്ക്കും പട്ടയം ലഭിച്ചത്. ഇനി സ്വന്തം ഭൂമില്‍ വീട് വെയ്ക്കാം എന്ന സന്തോഷത്തിലാണ് ഇരുവരും. ദേവികുളം താലൂക്കില്‍ കുറ്റിയാര്‍വാലിയിലുള്ള ഗുഡാര്‍മല എസ്റ്റേറ്റിലെ കൂലിപ്പണിക്കാരാണ് ഇവര്‍. ഭൂമിക്ക് പട്ടയം ഇല്ലാത്തതുകൊണ്ട് വീട് വയ്ക്കാന്‍ സാധിക്കാത്തത് ജീവിതത്തിലെ വലിയ വിഷമമായിരുന്നു. സ്വന്തമായി ഭൂമി ഉണ്ടായിട്ടും മക്കളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.
2009 മുതല്‍ പട്ടയത്തിനായി ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടുണ്ടെന്നും 2023 ല്‍ നല്‍കിയ അപേക്ഷയിലാണ് തങ്ങള്‍ക്ക് ഇത്തവണത്തെ പട്ടയ വിതരണത്തില്‍ പട്ടയം ലഭിച്ചതെന്നും പി.രാജാമണി പറഞ്ഞു. പിണറായി
സര്‍ക്കാര്‍ പട്ടയം നല്‍കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതില്‍ സര്‍ക്കാരിനോട് ഏറെ നന്ദി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേവികുളം താലൂക്കില്‍ 58 പട്ടയങ്ങളാണ് പട്ടയമേളയില്‍ വിതരണം ചെയ്തത്. താലൂക്കിലെ ഏഴ് ഉന്നതികളില്‍ വനാവകാശ രേഖയും വിതരണം ചെയ്തു. കുറ്റിയാര്‍വാലി വില്ലേജില്‍ നെറ്റിക്കുടി എസ്റ്റേറ്റ് ലോവര്‍ ഡിവിഷനിലെ രാജശേഖരനും ഭാര്യ ധനവും പുതുക്കാട് ഡിവിഷനിലെ ലക്ഷ്മി രാജനും മേളയില്‍ ജലവിഭവ വകുപ്പ് മന്ത്രിയില്‍ റോഷി അഗസ്റ്റിനില്‍ നിന്ന് പട്ടയം ഏറ്റുവാങ്ങി.
അതേസമയം, തൊടുപുഴ മുനിസിപ്പാലിറ്റിയിലെ ബംഗ്ലാംകുന്ന് സ്വദേശികളായ 14 കുടുംബങ്ങളുടെ കാത്തിരിപ്പിനാണ് വാഴത്തോപ്പിലെ ജില്ലാ പട്ടയമേളയില്‍ വിരാമമായത്. ബംഗ്ലാംകുന്നുകാരുടെ പട്ടയമെന്ന ആവശ്യത്തിന് ഏകദേശം 70 വര്‍ഷത്തോളം പഴക്കമുണ്ട്. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ബംഗ്ലാംകുന്ന് സ്വദേശികളും പട്ടയത്തിന് അവകാശികളായത്. ബംഗ്ലാംകുന്നുകാര്‍ പട്ടയത്തിനായി ഏഴ് പതിറ്റാണ്ടിനിടയില്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല, മുട്ടാത്ത വാതിലുകളില്ല.ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയുമെല്ലാം നിരന്തര ഇടപെടലുകളും സര്‍ക്കാരിന്റെ ഇച്ഛാശക്തിയും പ്രഖ്യാപിത നയങ്ങളുമാണ് ബംഗ്ലാംകുന്നിന്റെ പട്ടയ സ്വപ്നം യാഥാര്‍ഥ്യമാക്കിയത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2019 മുതല്‍ പ്രദേശവാസികള്‍ നിരന്തരം നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് നിലവില്‍ പട്ടയം ലഭിച്ചതെന്ന് അവര്‍ പറയുന്നു. തങ്ങളുടെ പട്ടയ സ്വപ്നം യാഥാര്‍ഥ്യമാക്കിയ സര്‍ക്കാരിനും ഒപ്പം പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും പേരെടുത്ത് പറഞ്ഞാണ് പ്രദേശവാസികള്‍ നന്ദി രേഖപ്പെടുത്തുന്നത്. രഞ്ജിത പ്രതാപന്‍, തങ്കമ്മ പെരുമാള്‍, കൗസല്യ രാജപ്പന്‍, വത്സലാ ബാലകൃഷ്ണന്‍, ചന്ദ്രന്‍ വി.കെ, മഹേഷ് ബി.എം, നൗഷാദ് കെ.എ, ബേബി കൃഷ്ണന്‍കുട്ടി, ജയചന്ദ്രന്‍, ജിബി കണ്ടത്തില്‍, ജിനു കെ.പി, ഷൈല വിനില്‍, കമലാക്ഷി, സാവിത്രി ഉലകനാഥന്‍ എന്നിവര്‍ക്കാണ് കാത്തിരുപ്പിനൊടുവില്‍ പട്ടയം ലഭ്യമായ ബംഗ്ലാംകുന്നിലെ കുടുംബങ്ങള്‍.



