കാർഷിക സർവകലാശാല വിദ്യാർഥികളുടെ ഫീസ് കുറച്ചു; പുതുക്കിയ ഫീസ് ഇങ്ങനെ

വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ കാർഷിക സർവകലാശാല വിദ്യാർഥികളുടെ ഫീസ് കുറച്ചു. ഇന്ന് ഓൺലൈൻ ആയി ചേർന്ന അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ മന്ത്രി പി പ്രസാദിന്റെ നിർദേശം അംഗീകരിച്ചതിനെ തുടർന്നാണിത്. ഫീസ് കുറയ്ക്കാനുള്ള തീരുമാനം മന്ത്രി വിളിച്ച ഉന്നതല യോഗത്തിൽ എടുത്തിരുന്നു. ഡിഗ്രി കോഴ്സുകളുടെ ഫീസ് 50% ആക്കിയാണ് കുറച്ചത്. നേരത്തെ ഇത് 36,000 രൂപയായി വര്‍ധിപ്പിച്ച ഡിഗ്രി ഫീസ് ഇപ്പോൾ 24,000 ആയി.49,000 രൂപയായിരുന്ന പി ജി വിദ്യാർഥികളുടെ ഫീസ് 29,000 ആക്കി.പിഎച്ച്ഡി ഫീസ് 49,500ൽ നിന്ന് 30000 ആയും കുറച്ചു.
സർവകലാശാലയിലെ യു.ജി , പി ജി , പി എച്ച്ഡി വിദ്യാർഥികൾക്ക് അടുത്ത അധ്യയന വർഷം മുതലാണ് മൂന്ന് ഇരട്ടിയിലധികം സെമസ്റ്റർ ഫീസ് വർധിപ്പിക്കാൻ സർവകലാശാല തീരുമാനിച്ചത്.അന്യായമായ ഫീസ് വർധനവ് അനുവദിക്കില്ലെന്നും ഏകപക്ഷീയമായ തീരുമാനആണിതെന്നുമാരോപിച്ചുകൊണ്ട് എസ്എഫ്ഐ പ്രതിഷേധം നടത്തിയിരുന്നു
അതേസമയം, ഫീസ് വർധന താങ്ങാൻ ആകാതെ കോഴിക്കോട് താമരശ്ശേരി സ്വദേശി അർജുൻ കാർഷിക കോളജിൽ നിന്ന് ടി സി വാങ്ങിപ്പോയിരുന്നു. കോളജിന്റെ ഫീസ് ഘടന പൂർണമായി പുനഃപരിശോധിച്ചാൽ മാത്രമേ തിരികെ പഠനത്തിന് കയറാൻ ആലോചിക്കുന്നുള്ളൂ എന്നും അർജുൻ അറിയിച്ചിരുന്നു.



