അടിമാലി ലക്ഷം വീട് ഭാഗത്ത് തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നു

അടിമാലി: അടിമാലി ലക്ഷംവീട് ഭാഗത്ത് ദേശിയപാതയോരത്തുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ദേശിയപാത85ല്‍ അടിമാലി ലക്ഷം വീട് ഭാഗത്ത് വലിയ തോതില്‍ മണ്ണിടിഞ്ഞ് ദുരന്തം സംഭവിച്ചത്. 9 വീടുകള്‍ പൂര്‍ണ്ണമായി തകരുകയും ഒരാളുടെ ജീവന്‍ നഷ്ടമാകുകയും ചെയ്തിരുന്നു. ദുരന്തം നടന്ന് ഒരാഴ്ച്ച പിന്നിട്ട ശേഷമായിരുന്നു ദേശിയപാതയിലേക്ക് ഇടിഞ്ഞെത്തിയ മണ്ണ് നീക്കുന്ന ജോലികള്‍ക്ക് തുടക്കം കുറിച്ചത്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്നുണ്ട്. മണ്ണ് നീക്കി പ്രദേശത്തിന്റെ ബലക്ഷമത ഉറപ്പു വരുത്തിയ ശേഷമാകും സംരക്ഷണ ഭിത്തി നിര്‍മ്മാണമടക്കമുള്ള തുടര്‍നടപടികളിലേക്ക് നിര്‍മ്മാണ കമ്പിനി കടക്കുകയുള്ളു. റോഡിലേക്കിടിഞ്ഞെത്തിയ മണ്ണ് വാഹനങ്ങള്‍ പോകുംവിധം നീക്കിയെങ്കിലും പാത ഗതാഗതത്തിനായി തുറന്നു നല്‍കിയിട്ടില്ല.
ഇടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ദുരന്തമേഖലയിലൂടെ സഞ്ചരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. അതേ സമയം മണ്ണിടിച്ചിലുണ്ടായതിന് സമീപം രൂപം കൊണ്ടിട്ടുള്ള വിള്ളല്‍ ആശങ്കയായി നിലനില്‍ക്കുകയാണ്. ഈ വിള്ളല്‍ വലിപ്പമാര്‍ജ്ജിക്കുന്നതായി പ്രദേശവാസികള്‍ ആശങ്ക ഉന്നയിക്കുന്നു. മണ്ണിടിച്ചില്‍ സംഭവിക്കും മുമ്പ് പ്രദേശത്ത് സമാന രീതിയില്‍ വിള്ളല്‍ രൂപം കൊണ്ടിരുന്നു.
ഈ ഭാഗമായിരുന്നു പിന്നീട് ഇടിഞ്ഞ് വലിയ ദുരന്തമായി മാറിയത്.മഴ പെയ്ത് വിള്ളലിലൂടെ വെള്ളമിറങ്ങിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമോയെന്നും ആശങ്കയുണ്ട്.



