
മറയൂര്‍: കാന്തല്ലൂരില്‍ കൃഷിയിടത്തില്‍ തമ്പടിച്ചിരുന്ന കാട്ടുപോത്തുകളെ വനത്തിലേക്ക് തുരത്തി.പയസ് നഗറില്‍ നിന്ന് കാന്തല്ലൂരിലേക്ക് ബുധനാഴ്ച്ച രാവിലെ 10 മുതല്‍ മൂന്ന് വരെ വാഹനങ്ങള്‍ കടത്തി വിടാതെയായിരുന്നു ദൗത്യം. പത്ത് വര്‍ഷത്തിലധികമായി കാന്തല്ലൂര്‍, കീഴാന്തൂര്‍ വെട്ടുകാട്, നാക്കുപ്പെട്ടി മേഖലകളിലെ കൃഷിയിടങ്ങളില്‍ കാട്ടുപോത്തിന്‍ കൂട്ടം വ്യാപക നാശം വരുത്തുന്നുണ്ട്. കാട്ടുപോത്താക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൃഷിയിടത്തിനുള്ളില്‍ തമ്പടിച്ചിരുന്ന കാട്ടുപോത്തുകളെ കാരയൂര്‍ ചന്ദന റിസര്‍വ്വിലേക്ക് തുരത്താന്‍ തീരുമാനം കൈകൊണ്ടത്.

കാന്തല്ലൂര്‍, കീഴാന്തൂര്‍, കുളച്ചിവയല്‍,നാക്കുപ്പെട്ടി ഗ്രാമകമ്മിറ്റികളും വനം, പോലീസ്, പഞ്ചായത്ത്, ഹെല്‍ത്ത്, റവന്യു, ജനജാഗ്രത സമിതിയെന്നിവരും ഇതിനായി കൈകോര്‍ത്തു. വനാതിര്‍ത്തിയിലെ സൗരോര്‍ജ്ജിവേലി തുറന്ന് കാട്ടുപോത്തുകളെ തുരത്തി കാരയൂര്‍ വനത്തിനുള്ളിലാക്കി വേലിയടച്ചു.ദൗത്യത്തില്‍ 350ല്‍ അധികം ആളുകള്‍ പങ്കെടുത്തു.