മൂന്നാറില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു യുവാക്കള്‍ക്ക് പരിക്ക്

മൂന്നാര്‍: മൂന്നാറില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നാര്‍ നല്ലതണ്ണി കുറുമല സ്വദേശികളായ ശിവ, വിഷ്ണു എന്നിവരാണ് തലക്ക് ആയുധമുപയോഗിച്ചുള്ള ആക്രമണത്തില്‍ മുറിവേറ്റ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍ കഴിയുന്നത്. സംഭവത്തില്‍ നടയാര്‍ സൗത്ത് ഡിവിഷന്‍ സ്വദേശികളായ അഞ്ച് യുവാക്കളെ മൂന്നാര്‍ സി ഐ രാജന്‍.കെ.അരമനയുടെ നേത്യത്വത്തില്‍ അറസ്റ്റു ചെയ്തു.
ജിഎച്ച് റോഡില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ ശ്രീജിത്തിനെ പ്രതികളിലൊരാളായ പ്രഭു ആക്രമിച്ചു. ഇന്നലെ വൈകിട്ട് ജിഎച്ച് റോഡില്‍ കാര്‍മല്‍ ബില്‍ഡിങ്ങിന് സമീപമാണ് സംഘര്‍ഷമുണ്ടായത്. ഒരു വര്‍ഷം മുന്‍പ് കുറുമല ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തോടനുബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇരുകൂട്ടരും തമ്മില്‍ പല തവണ ഏറ്റുമുട്ടിയിരുന്നു. ഇന്നലെയും സമാന പ്രശ്‌നം പറഞ്ഞ് ജിഎച്ച് റോഡില്‍ വച്ച് ഇരുകൂട്ടരും ഏറ്റുമുട്ടുകയും പ്രതികള്‍ ആയുധമുപയോഗിച്ച് പരിക്കേറ്റവരുടെ തലക്ക് മുറിവേല്‍പ്പിക്കുകയുമായിരുന്നു. സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനായ ശ്രീജിത് സംഘര്‍ഷമൊഴിവാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതികളിലൊരാള്‍ ആക്രമിച്ചത്.
സംഭവമറിഞ്ഞ് കൂടുതല്‍ പൊലീസെത്തിയാണ് പ്രതികളെ പിടികൂടിയത് .ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.