മൂന്നാര്‍ കൊരണ്ടിക്കാട് എസ്റ്റേറ്റില്‍ കാട്ടാനകൂട്ടമെത്തി വ്യാപക നാശം വിതച്ചു

മൂന്നാര്‍: മൂന്നാറിലെ വിവിധ എസ്സ്‌റ്റേറ്റുകളില്‍ കാട്ടാന ശല്യം രൂക്ഷമാകുകയാണ്. കൂട്ടമായി ഇറങ്ങുന്ന കാട്ടാനകള്‍ വലിയ തോതില്‍ നാശം വരുത്തുന്നത് തൊഴിലാളി കുടുംബങ്ങലെ വലക്കുന്നു. മൂന്നാര്‍ കൊരണ്ടിക്കാട് എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടാനകൂട്ടം പ്രദേശത്ത് വ്യാപക കൃഷി നാശം വരുത്തി. വിളവെടുപ്പിന് പാകമായി വന്നിരുന്ന ബട്ടര്‍ ബീന്‍സാണ് കാട്ടാന ആക്രമണത്തില്‍ നശിച്ചത്.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പണം കടമെടുത്തും മറ്റുമായിരുന്നു പ്രദേശവാസിയായ ചെല്ലത്തായി ബീന്‍സ് കൃഷിയിറക്കിയിരുന്നത്. സോളാര്‍ വേലിയും സ്ഥാപിച്ചിരുന്നു. കൃഷിയും സോളാര്‍ വേലിയുമടക്കം കാട്ടാനകള്‍ നശിപ്പിച്ചതോടെ എണ്‍പതിനായിരത്തോളം രൂപയുടെ നഷ്ടം ചെല്ലത്തായിക്ക് സംഭവിച്ചു. ദേവികുളം, ലാക്കാട് മേഖലകളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടാന കൂട്ടത്തിന്റെ സാന്നിധ്യമുണ്ട്. ഇവിടെ നിന്നും ഇന്നലെ കാട്ടാനകള്‍ ഗ്രഹാംസ്ലാന്റ് ഭാഗത്തേക്കെത്തി.
അവിടെ നിന്നുമാണ് കാട്ടാനകള്‍ കൊരണ്ടിക്കാട് മേഖലയിലേക്കെത്തി നാശം വിതച്ചത്. ജനവാസ മേഖലയില്‍ നിന്നും കാട്ടാനകളെ ഉള്‍വനത്തിലേക്ക് തുരത്തണമെന്ന ആവശ്യം ശക്തമാണ്. രാത്രികാലത്തോ പുലര്‍ച്ചയോ തൊഴിലാളികള്‍ കാട്ടാനകളുടെ മുമ്പില്‍പെട്ടാല്‍ വലിയ അപകടത്തിന് ഇടവരുത്തും. വേനല്‍ രൂക്ഷമാകുന്നതോടെ കാട്ടാന ശല്യവും രൂക്ഷമാകുമോയെന്ന ആശങ്കയും തൊഴിലാളി കുടുംബങ്ങള്‍ക്കുണ്ട്.



