ഇടമലക്കുടിയില്‍ നാളെ മെഡിക്കല്‍ ക്യാമ്പും ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാറും നടക്കും

അടിമാലി: അടിമാലി വൈസ്‌മെന്‍ ക്ലബ്ബിന്റെ 2025-26 വര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാളെ ഇടമലക്കുടിയില്‍ മെഡിക്കല്‍ ക്യാമ്പും ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇടമലക്കുടി ട്രൈബല്‍ പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ വച്ചാണ് നാളെ രാവിലെ 10 മുതല്‍ മെഡിക്കല്‍ ക്യാമ്പും ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാറും നടക്കുന്നത്.
അവകാശങ്ങള്‍ക്കൊപ്പം കടമകളും എന്ന സന്ദേശം ഉയര്‍ത്തിയാണ് വൈസ്‌മെന്‍ ക്ലബ്ബ് 2025-26 വര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടമലക്കുടിയില്‍ മെഡിക്കല്‍ ക്യാമ്പിന് രൂപം നല്‍കിയിട്ടുള്ളത്. ഗൈനക്കോളജി, ഡെന്റല്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നുമായി പതിനഞ്ചോളം വിദഗ്ത ഡോക്ടര്‍മാര്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കും. ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായും സംഘാടകര്‍ പറഞ്ഞു. ഡോ.എ സി ജോസഫ്, ഡോ. ഡെന്നീസ്, ഡോ. രാധ റോയ്, ഡോ. സാഹില്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കും.
അടിമാലി ജനമൈത്രി എക്‌സൈസിന്റെ നേതൃത്വത്തിലാണ് ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ നടക്കുന്നത്. അടിമാലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ക്ലബ്ബ് പ്രസിഡന്റ് ജോണ്‍സണ്‍ ഐസക്ക്, സെക്രട്ടറി ലൈജോ ജോസഫ്, ഏലിയാസ് റ്റി എം, സുജിത് പി ഏലിയാസ്, ഡോ. എ സി ജോസഫ് എന്നിവര്‍ പങ്കെടുത്തു.



