
മൂന്നാർ ∙ മൂന്നാറിൽ വാഹന പരിശോധന ശക്തമാക്കാനുള്ള മന്ത്രിയുടെ ഉത്തരവിനെത്തുടർന്ന് മോട്ടർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ നാലു ദിവസത്തിനിടയിൽ 111 കേസുകളിലായി 3.74 ലക്ഷം രൂപ പിഴ ചുമത്തി. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെയുള്ള കണക്കാണിത്. വാഹന പരിശോധന തുടരുകയാണ്. ടാക്സ്, ഇൻഷുറൻസ്, ഫിറ്റ്നസ് ഇല്ലാത്തത്, മീറ്റർ ഇല്ലാത്ത ഓട്ടോകൾ, രൂപമാറ്റം വരുത്തിയത്, പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റിയത് ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങൾക്കാണ് കേസെടുത്ത് പിഴ ചുമത്തിയത്. ഇടുക്കി ആർടിഒ പി.എം.ഷബീർ, എൻഫോഴ്സ്മെന്റ് ആർടിഒ എസ്.സഞ്ജയ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഓഫിസുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന.
ഓൺലൈൻ ടാക്സി വാഹനത്തിൽ മൂന്നാർ സന്ദർശനത്തിനെത്തിയ മുംബൈ സ്വദേശിനിയായ യുവതിയെ മൂന്നാറിലെ ടാക്സി ഡ്രൈവർമാർ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവം വിവാദമായതിനെ തുടർന്നാണ് മൂന്നാറിൽ വാഹനപരിശോധന ശക്തമാക്കാൻ മന്ത്രി ഗണേഷ് കുമാർ ഉത്തരവിട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ മൂന്നാറിൽ സർവീസ് ആരംഭിച്ച ഡബിൾ ഡെക്കർ ബസ് ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ തടഞ്ഞതിനെ തുടർന്ന് മോട്ടർ വാഹന വകുപ്പ് സമാന രീതിയിൽ രണ്ടാഴ്ച പരിശോധന നടത്തിയ അഞ്ചു ലക്ഷത്തിലധികം രൂപ പിഴയീടാക്കിയിരുന്നു



