
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണുകളിലൊന്നായ പത്താംമൈല്‍ ടൗണ്‍ നിരീക്ഷണ ക്യാമറാ വലയത്തിലായി. അടിമാലി ജനമൈത്രി പോലീസിന്റെയും അടിമാലി ഗ്രാമപഞ്ചായത്തിന്റെയും പത്താംമൈലിലെ വ്യാപാരി സമൂഹത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ക്യാമറകള്‍ ടൗണിന്റെ വിവിധയിടങ്ങളിലായി സ്ഥാപിച്ച് കഴിഞ്ഞു. അടിമാലി പോലീസ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമില്‍ ദൃശ്യങ്ങള്‍ പതിയും വിധമാണ് നിരീക്ഷണ ക്യാമറ സജ്ജമാക്കിയിട്ടുള്ളത്. പദ്ധതിയുടെ ഉദ്ഘാടനം അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യു നിര്‍വ്വഹിച്ചു.

കൊച്ചി ധനുഷ്‌ക്കോടി ദേശിയപാത കടന്ന് പോകുന്നത് പത്താംമൈല്‍ ടൗണിലൂടെയാണ്. വിനോദ സഞ്ചാരികളുടേതടക്കം നിരവധിയായ വാഹനങ്ങളും ഇതുവഴി കടന്ന് പോകുന്നു. സ്‌കൂള്‍, ആരാധനാലയങ്ങള്‍, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളും പത്താംമൈല്‍ ടൗണിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷക്ക് ക്യാമറകള്‍ സഹായിക്കുമെന്നതിനൊപ്പം അടിമാലി ടൗണിലെത്താതെ ബൈപ്പാസ് റോഡുകള്‍ വഴി ഇരുമ്പുപാലത്തും പത്താംമൈലിലുമൊക്കെ എത്തി കടന്ന് പോകുന്ന വാഹനങ്ങളുടെ വിവര ശേഖരണത്തിനും പത്താംമൈല്‍ ടൗണിലെ ക്യാമറാ നിരീക്ഷണം സഹായകരമാകും.
ഉദ്ഘാടന ചടങ്ങില്‍ എല്‍ദോസ് വാളറ അധ്യക്ഷത വഹിച്ചു. എം എ അന്‍സാരി, കെ കൃഷ്ണമൂര്‍ത്തി, രേഖാ രാധാകൃഷ്ണന്‍, പി എം ബേബി തുടങ്ങിയവര്‍ സംസാരിച്ചു.