KeralaLatest News

’53 ലക്ഷം ഭക്തര്‍ വരുന്നിടത്ത് 1000 ശുചിമുറികള്‍ കൊണ്ട് എന്ത് കാര്യം’; മണ്ഡലകാല ഒരുക്കങ്ങളില്‍ നിര്‍ദ്ദേശവുമായി ദേവസ്വം ബെഞ്ച്

ശബരിമല മണ്ഡലകാലത്തിന്റെ ഒരുക്കങ്ങളില്‍ നിര്‍ദ്ദേശവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്നും, ശുചിമുറികള്‍ വര്‍ധിപ്പിക്കണമെന്നുമാണ് നിര്‍ദേശം. മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. ശുചിമുറികളുടെ എണ്ണത്തിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്.

53 ലക്ഷം ഭക്തര്‍ വരുന്നിടത്ത് 1000 ശുചിമുറികള്‍ കൊണ്ട് എന്ത് കാര്യമാണ് ഉള്ളത്. അടുത്ത സീസണിലെങ്കിലും ഇത് വര്‍ധിപ്പിക്കാന്‍ നടപടി വേണമെന്ന് നിര്‍ദ്ദേശിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ ക്യൂവിന്റെ എണ്ണം കുറയ്‌ക്കേണ്ടി വരുമെന്നും കോടതി ഓര്‍മിപ്പിച്ചു.

16ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. വെര്‍ച്ചല്‍ ക്യൂ ബുക്കിങ്ങിനു പുറമേ വഴിപാടുകള്‍ക്കുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. തീര്‍ത്ഥാടകര്‍ക്കായുള്ള അപകട ഇന്‍ഷുറന്‍സ് ഈ സീസണിലെ പ്രത്യേകത.

ഓണ്‍ലൈനായി 70,000 പേര്‍ക്കും തത്സമയ ബുക്കിങ് വഴി 20,000 പേര്‍ക്കും ഇത്തവണ ദിവസവും ദര്‍ശന സൗകര്യമൊരുക്കും. പമ്പ, നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ തത്സമയ ബുക്കിങ് കൗണ്ടറുകളും തുറക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പതിനെട്ടാംപടിക്കുമുന്പ് നടപ്പന്തല്‍ മുതല്‍ പ്രത്യേകം ക്യൂ സംവിധാനവും ദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. സന്നിധാനത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സൗജന്യ ഫിസിയോതെറാപ്പി സെന്റര്‍ ഭക്തര്‍ക്കായി പ്രവര്‍ത്തിക്കും.സന്നിധാനത്തെ ദുര്‍ഗന്ധം ഒഴിവാക്കാന്‍ പ്രത്യേക സംവിധാനവും ഈ സീസണില്‍ ഒരുക്കിയിട്ടുണ്ട്.

അതേസമയം, ശബരിമലയില്‍ രാസ കുങ്കുമ വില്പന നിരോധിച്ച കോടതി ഉത്തരവ് ചോദ്യംചെയ്തുള്ള ഹര്‍ജി ദേവസ്വം ബെഞ്ച് തള്ളി. പരിസ്ഥിതി പ്രശ്‌നങ്ങളും ഭക്തരുടെ ആരോഗ്യവും പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം എടുത്തത്. രാസ കുങ്കുമത്തിന്റെ ബുദ്ധിമുട്ട് മനസിലാകണമെങ്കില്‍ ഹര്‍ജിക്കാരന്‍ വീട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും ദേഹത്ത് തേച്ചാല്‍ മതിയെന്നും കോടതി വിമര്‍ശിച്ചു.

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ സഹായികളുടെ സഹായികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് സാവകാശം തേടി. 10 ദിവസം ഹൈക്കോടതി സമയം അനുവദിച്ചു. ശബരിമല സ്വര്‍ണ്ണക്കുള്ള വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു കോടതി സഹായികളുടെ വിവരം തേടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!