EntertainmentLatest NewsMovie

ഇതിന് മേലെ വെക്കാനുണ്ടോ മലയാളിക്ക് മറ്റൊരു ആക്ഷന്‍ ഹീറോയെ?; അനശ്വര നടന്‍ ജയന്റെ ഓര്‍മകള്‍ക്ക് 45 വയസ്

മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ ഹീറോ ജയന്‍ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 45 വര്‍ഷം. ഡയലോഗിലും രൂപത്തിലും വേഷത്തിലും ആക്ഷനിലും വേറിട്ടു നിന്ന താരം നാലു പതിറ്റാണ്ടുകള്‍ക്കുശേഷവും മലയാളിയുടെ മങ്ങാത്ത ഓര്‍മയാണ്. നെഞ്ചുവിരിച്ചുള്ള നടത്തം, ബെല്‍ബോട്ടം പാന്റ്സ്, സണ്‍ഗ്ലാസ്സ്, മാസ്സ് ഡയലോഗുകള്‍, വേറിട്ട അംഗചലനങ്ങള്‍ ഇവയെല്ലാം പറഞ്ഞാല്‍ തന്നെ മലയാളികളുടെ മനസില്‍ തെളിയുന്നത് ജയന്റെ ചിത്രമായിരിക്കും. മലയാള സിനിമയില്‍ ഒരു പുതുയുഗപ്പിറവിയായിരുന്നു സാഹസികതയുടെയും ആക്ഷന്റെയും പര്യായമായി മാറിയ ജയന്‍.

കൊല്ലത്തെ തേവള്ളിയില്‍ മാധവന്‍ പിള്ളയുടേയും ഭാരതിയമ്മയുടേയും മകനായി ജനിച്ച കൃഷ്ണന്‍ നായരാണ് പില്‍ക്കാലത്ത് ജയന്‍ എന്ന പേരില്‍ സിനിമയിലെത്തിയത്. പതിനഞ്ചു വര്‍ഷത്തോളം നാവികസേനയില്‍ തൊഴിലെടുത്തശേഷമായിരുന്നു സിനിമയിലേക്കുള്ള ജയന്റെ വരവ്.

1974-ല്‍ ശാപമോക്ഷത്തിലൂടെയാണ് ജയന്റെ സിനിമയിലെ അരങ്ങേറ്റം. തുടര്‍ന്ന് വില്ലന്‍ വേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും നായകവേഷങ്ങളിലേക്കും വളര്‍ന്നു. ശരപഞ്ജരം, അങ്ങാടി, കരിമ്പന, മൂര്‍ഖന്‍, മാമാങ്കം, ചാകര, ഇടിമുഴക്കം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സംഘട്ടനരംഗങ്ങളില്‍ ഡ്യൂപ്പുകളെ ഉപയോഗിക്കാതെയായിരുന്നു ജയന്റെ പ്രകടനം.

സാഹസികതയോടുള്ള അതിരുകടന്ന പ്രണയമാണ് ജയന്റെ ജീവിതത്തിന് തിരശ്ശീല വീഴ്ത്തിയത്. 1980 നവംബര്‍ 16-ന് കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട് നാല്‍പത്തിയൊന്നാം വയസ്സിലാണ് ജയന്റെ മരണം. എട്ടുവര്‍ഷങ്ങള്‍ മാത്രം നീണ്ട കരിയറില്‍ നൂറ്റിയമ്പതിലേറെ ചിത്രങ്ങളില്‍ വേഷമിട്ടു ജയന്‍. വിടവാങ്ങി 45 വര്‍ഷം പിന്നിടുമ്പോഴും സാഹസികതയുടെ പ്രതീകമായി ജയന്‍ ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!