സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള അപേക്ഷാ ഫോമുകള്‍ തമിഴ്ഭാഷയിലും വേണമെന്ന ആവശ്യം ശക്തം

മൂന്നാര്‍: തമിഴ് ഭൂരിപക്ഷ മേഖലയായ മൂന്നാറിലെ തോട്ടം മേഖലകളില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള അപേക്ഷാ ഫോമുകള്‍ തമിഴ്ഭാഷയിലും വേണമെന്ന ആവശ്യം ശക്തം. ദേവികുളം നിയോജക മണ്ഡലത്തിലെ 195 ബൂത്തുകളില്‍ 110 എണ്ണത്തിലും കൂടുതല്‍ വോട്ടര്‍മാരും തമിഴ് വംശജരാണ്. എസ്‌ഐആര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പുറത്തിറക്കിയ അപേക്ഷാ ഫോമുകള്‍ മലയാളത്തില്‍ മാത്രമായതോടെ അവ പൂരിപ്പിച്ചു നല്‍കുന്നതില്‍ ആളുകള്‍ പ്രതിസന്ധി നേരിടുന്നുണ്ട്.
എന്നാല്‍ ഓരോ സംസ്ഥാനത്തും അതാത് പ്രാദേശിക ഭാഷകളിലായിരിക്കണം സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള അപേക്ഷാ ഫോമുകള്‍ തയ്യാറാക്കേണ്ടത് എന്ന നിര്‍ദ്ദേശമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ളതെന്ന് ദേവികുളം സബ് കളക്ടര്‍ പറഞ്ഞു. എസ്‌ഐആര്‍ അപേക്ഷകളുമായി വീടുകളിലെത്തുന്ന ബിഎല്‍ഒ, ബിഎല്‍എമാരില്‍ ഭൂരിഭാഗം പേരും മലയാള ഭാഷയില്‍ വലിയ പ്രാഗത്ഭ്യം ഇല്ലാത്തവരാണ്. ഇതും അപേക്ഷാ ഫോം പൂരിപ്പിക്കുന്നതില്‍ പ്രതിസന്ധിയാകുന്നു.
സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം സംബന്ധിച്ച് സബ് കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലും അപേക്ഷാ ഫോം തമിഴിലും വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു.



