Latest NewsNational

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി ഇല്ല; പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിയ്ക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി ഇല്ലെന്ന് സുപ്രീംകോടതിയ സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ വിധി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് തള്ളി. കേരളം ഉള്‍പ്പെടെ എന്‍ഡിഎ ഇതര സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാണ് സുപ്രീംകോടതി വിധി. ബില്ലിന്മേല്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ച രാഷ്ട്രപതിയുടെ പതിനാല് ചോദ്യങ്ങള്‍ അടങ്ങിയ റഫറന്‍സിലാണ് സുപ്രീംകോടതിയുടെ സുപ്രധാന തീര്‍പ്പ്.

രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് സമയപരിധി പാടില്ലെന്ന് കോടതി വ്യക്തമാക്കി. ബില്ലുകള്‍ അനിശ്ചിതകാലത്ത് തടഞ്ഞുവെക്കാന്‍ അധികാരമില്ലെന്ന് അഭിപ്രായപ്പെട്ട കോടതി ഗവര്‍ണറുടെ വിവേചനാധികാരം പരിമിതപ്പെടുത്തുന്നത് യുക്തിസഹമല്ലെന്നും വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ മൂന്ന് ഓപ്ഷനുകള്‍ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ക്ക് ബില്‍ അംഗീകരിക്കാനോ, കാരണം അറിയിച്ചുകൊണ്ട് അനുമതി നിഷേധിക്കാനോ, രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയയ്ക്കാനോ ഉള്ള വിവേചനാധികാരമുണ്ട്. അല്ലാതെ അനിശ്ചിത കാലത്തേക്ക് പിടിച്ചുവയ്ക്കാനാകില്ലെന്നും കോടതി പറഞ്ഞു. നിയമസഭയുമായി ഗവര്‍ണര്‍ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.

സുപ്രീംകോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയില്ല. കോടതിക്കും പരിമിതിയുണ്ട്. കാലതാമസം വന്നാല്‍ കോടതിക്ക് ഇടപെടാം – കോടതി വിലയിരുത്തി. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്യെ കൂടാതെ ജസ്റ്റിസ് സൂര്യകാന്ത്, വിക്രം നാഥ്, പിഎസ് നരസിംഹ, എ എസ് ചന്തൂര്‍കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ ഉത്തരവിനെതിരെയായിരുന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മു 14 വിഷയങ്ങളില്‍ വ്യക്തത തേടി റഫറന്‍സ് നല്‍കിയത്. ഭരണഘടനയുടെ 200, 201 അനുച്ഛേദങ്ങള്‍ പ്രകാരമുള്ള വിഷയങ്ങളിലാണ് രാഷ്ട്രപതി വ്യക്തത തേടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!