
അടിമാലി: കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂവര്‍ സംഘം പോലീസുകാരനെ പിന്തുടര്‍ന്നെത്തി കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. വെള്ളത്തൂവല്‍ സ്റ്റേഷനിലെ സി പി ഒ അനീഷിനാണ് കുത്തേറ്റത്. തിങ്കളാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്.

അടിമാലി ടൗണിലെ മെഡിക്കല്‍ സ്റ്റോറിന് മുമ്പില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. മരുന്നുവാങ്ങാന്‍ എത്തിയതായിരുന്നു പോലീസുകാരന്‍.ഇവിടെ നിന്നും വീട്ടിലേക്ക് കാറില്‍ പോകവെ ബൈക്കില്‍ പിന്തുടര്‍ന്ന മൂവര്‍ സംഘം ഇരുന്നൂറേക്കറില്‍ വച്ച് കാര്‍ തടഞ്ഞു.ബോണറ്റില്‍ അടിച്ചു. ഇത് ചോദ്യം ചെയ്തപ്പോള്‍ കുത്തി കൊണ്ട് പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ സന്തോഷ്, ലൈജു എന്നിവര്‍ പോലീസിന്റെ പിടിയിലായി. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. പരിക്കേറ്റ പോലീസുകാരന്‍ ആശുപത്രിയില്‍ ചികിത്സ തേടി.