CrimeKeralaLatest News

എറണാകുളത്ത് റെയിൽവേ സ്റ്റേഷനിൽ പെണ്‍കുട്ടിയോട് അതിക്രമം; ഉടൻ പ്രതികരിച്ച് പെണ്‍കുട്ടി, പ്രതിയെ ഓടിച്ചിട്ട് പിടികൂടി

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെ കടന്നുപിടിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് റെയിൽവേ പൊലീസ്. തിരുവനന്തപുരം കീഴാരൂർ സ്വദേശി സജീവാണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ആയിരുന്നു സംഭവം. പൂനെ – കന്യാകുമാരി എക്സ്പ്രസ്സിൽ തൃശ്ശൂരിലേക്ക് പോകാൻ എത്തിയതായിരുന്നു പെൺകുട്ടി. സംഭവ സ്ഥലത്തും സമൂഹ മാധ്യമത്തിലും പെണ്‍കുട്ടി ശക്തമായി പ്രതികരിച്ചിരുന്നു. കുറ്റകൃത്യത്തിന്‍റെ വീഡിയോ ഉൾപ്പെടെ പെൺകുട്ടി പങ്കുവച്ചിരുന്നു. പ്രതിയെ ഇന്നലെ രാത്രി റിമാൻഡ് ചെയ്തു.

പെണ്‍കുട്ടിയുടെ പ്രതികരണം
സംഭവ സ്ഥലത്തുണ്ടായിരുന്നവർ പ്രതിയെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. താൻ തന്നെ പ്രതിയെ പിടിച്ചു വയ്ക്കാൻ ശ്രമിച്ചെന്നും വീഡിയോ എടുക്കാൻ തുടങ്ങിയതോടെ ഇയാൾ ആൾക്കൂട്ടത്തിന് നടുവിലൂടെ ഓടിപ്പോയെന്നും പെണ്‍കുട്ടി പറഞ്ഞു. തിരക്കു കുറഞ്ഞ പ്ലാറ്റ്ഫോമിലാണ് സംഭവം നടന്നത്. പിടിക്കപ്പെട്ടതോടെ കുടുംബമുണ്ട്, ഭാര്യയും മക്കളും സഹിക്കില്ല എന്നെല്ലാം പറയാൻ തുടങ്ങി. ഇത്രയും കുടുംബത്തെ കുറിച്ച് ആശങ്കയുള്ളയാൾ എന്തിനിത് ചെയ്തെന്ന് പെണ്‍കുട്ടി ചോദിക്കുന്നു.

അടുത്തുണ്ടായിരുന്ന സ്ത്രീ ‘പോട്ടെ മോളെ സാരമില്ല, മാലയൊന്നും പോയില്ലല്ലോ’ എന്ന് പറഞ്ഞപ്പോൾ വലിയ ഷോക്കായിപ്പോയെന്ന് പെണ്‍കുട്ടി വിശദീകരിച്ചു. തന്‍റെ കഴുത്തിൽ മാല ഇല്ലായിരുന്നുവെന്നും അയാൾ മാല പൊട്ടിക്കാൻ അല്ല വന്നതെന്നും എവിടെയാണ് പിടിച്ചതെന്നുമൊക്കെ താൻ ഉറക്കെ പറഞ്ഞിട്ടും ഒരു സ്ത്രീ തന്നെ ഇങ്ങനെ പറഞ്ഞപ്പോൾ സങ്കടം തോന്നിയെന്ന് പെണ്‍കുട്ടി പറഞ്ഞു.

ഇത്തരം സംഭവങ്ങളോട് പ്രതികരിച്ചില്ലെങ്കിൽ ഇതിനിയും തുടരും. പലരും ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ കോടതി കയറിയിറങ്ങണമല്ലോ, ഭാവി പോവുമല്ലോ എന്നെല്ലാം പറഞ്ഞ് മിണ്ടാതിരിക്കുന്നത് കണ്ടിട്ടുണ്ട്. നമ്മൾ നമ്മളെ കുറിച്ച് മാത്രം ചിന്തിക്കുന്നതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. ജയിലിൽ കിടക്കുന്ന കാലത്തോളം അയാൾ ഇനിയും ആരെയും ഉപദ്രവിക്കില്ലല്ലോ”- പെണ്‍കുട്ടി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!