10 ലക്ഷം പിന്നിട്ട് ഭക്തജന പ്രവാഹം; ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് 1029451 തീര്‍ത്ഥാടകർ

ഈ തീര്‍ത്ഥാടനകാലത്ത് ശബരിമല ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം പത്തു ലക്ഷം പിന്നിട്ടു. ഇതുവരെ ആകെ 10,29,451 തീര്‍ത്ഥാടകരാണ് ഈ സീസണില്‍ ദര്‍ശനം നടത്തിയത്. തീര്‍ത്ഥാടനം ആരംഭിച്ച് 12-ാം ദിനമായ വ്യാഴാഴ്ച വൈകിട്ട് ഏഴു വരെ 79707 പേരാണ് മലകയറിയത്.
കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല്‍ തുടരുന്ന തിരക്കിലും സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ മലയിറങ്ങുന്നത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാല്‍ അധികനേരം കാത്തുനില്‍ക്കാതെ തന്നെ എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്.
അതേസമയം ശബരിമല സന്നിധാനവും പരിസരവും 24 മണിക്കൂറും എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും മൂന്ന് ഇന്‍സ്പെക്ടര്‍മാരും ആറ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന 24 അംഗ ടീമാണ് നിലവില്‍ സന്നിധാത്ത് ഡ്യൂട്ടിയില്‍ ഉള്ളത്. ഇതിനു പുറമേ ഇൻ്റലിജന്‍സ് വിഭാഗത്തിലെ രണ്ടു പേരും സേവനത്തിനുണ്ട്.
Advertisement
മഫ്തി പട്രോളിംഗ്, കാൽനട പട്രോളിംഗ് എന്നിങ്ങനെ രണ്ട് യൂണിറ്റുകളായി തിരിഞ്ഞാണ് വകുപ്പിന്റെ സന്നിധാനത്തെ പ്രവര്‍ത്തനം. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ടാകും. ശബരിമലയില്‍ ഏതെങ്കിലും വിധത്തില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെങ്കില്‍ തടയുകയാണ് ലക്ഷ്യം. അതിന്റെ ഭാഗമായി ശക്തമായ നീരീക്ഷണവും പരിശോധനകളുമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്.
പരിശോധനയില്‍ ഇതുവരെ 198 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 39,600 രൂപ പിഴയായി ഈടാക്കുകയും ചെയ്തിട്ടുണ്ടെന്ന് നിലവിലെ സന്നിധാനം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ പറഞ്ഞു. പ്രധാനമായും പുകവലി, അനധികൃത പുകയില വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.



