KeralaLatest News

ശബരിമലയിൽ സംതൃപ്‌തിയോടെ ദർശനം; ഇന്ന് എത്തിയത് മുക്കാൽ ലക്ഷം തീർത്ഥാടകർ

ശബരിമലയിൽ ഇന്ന് എത്തിയത് മുക്കാൽ ലക്ഷത്തിനടുത്ത് തീർത്ഥാടകർ. പുലർച്ചെ 12 മുതൽ വൈകീട്ട് 7 വരെ മാത്രം 73,499 പേരാണ് എത്തിയത്. ഈ സമയം കഴിഞ്ഞ് എത്തുന്നവരെ കൂടി കൂട്ടിയാൽ എണ്ണം ഇനിയും കൂടും. തിങ്കളാഴ്ച്ച പുലർച്ചെ 12 മുതൽ രാത്രി 7 വരെ ഔദ്യോഗിക കണക്കനുസരിച്ച് 80,328 പേരാണ് ദർശനം നടത്തിയതെങ്കിലും എഴിന് ശേഷം എത്തിയവരെ കൂടി പരിഗണിച്ചപ്പോൾ എണ്ണം 96,000 ആയി.

മണ്ഡല-മകരമാസം 17 ദിവസം പിന്നിടുമ്പോൾ ശബരിമല ദര്‍ശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം 14,20,443 ആയി. ഒരു ദിവസം 1,18,000 പേർ വന്നതാണ് ഈ സീസണിൽ ഇതുവരെ പരമാവധി ആളുകൾ എത്തിയ ദിവസം. സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ സന്നിധാനം വിട്ടിറങ്ങുന്നത്.

അതേസമയം 2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതൽ. ഇന്നലെ (നവംബർ 30) വരെയുള്ള കണക്കാണിത്. വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ്.

47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം. കഴിഞ്ഞ വർഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിരുന്നു; 46.86 ശതമാനം വർധന. അപ്പം വിൽപ്പനയിൽ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു ലഭിച്ചിരുന്നത്. കാണിക്കയിൽ നിന്നുള്ള വരുമാനം 2024 ൽ ഇതേ സമയം 22 കോടി ആയിരുന്നപ്പോൾ ഈ സീസണിൽ അത്‌ 26 കോടിയായി. 18.18 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സീസണിൽ 13 ലക്ഷത്തോളം തീർത്ഥാടകരാണ് നവംബർ 30 വരെ ശബരിമലയിൽ എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!