ആനസവാരി കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധന നടത്തണമെന്ന് പരിസ്ഥിതി സംഘടന

അടിമാലി: ജില്ലയില്‍ അനധികൃതമായി ആനസവാരി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ നടപടി വേണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനയായ ഗ്രീന്‍ കെയര്‍ കേരള രംഗത്ത്. ആനച്ചാലിന് സമീപം സ്‌കൈ ഡൈനിംഗില്‍ വിനോദ സഞ്ചാരികള്‍ കുരുങ്ങുകയും സംഭവം വലിയ വാര്‍ത്തയാവുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് ജില്ലയില്‍ അനധികൃതമായി ആനസവാരി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ നടപടി വേണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനയായ ഗ്രീന്‍ കെയര്‍ കേരള രംഗത്തെത്തിയിട്ടുള്ളത്.
മൂന്നാറിലും പരിസരപ്രദേശങ്ങളിലുമടക്കം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ആനസവാരി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ആനസവാരി കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധന നടത്തി നിയമം പാലിച്ചാണോ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പു വരുത്തണമെന്ന് ഗ്രീന്‍ കെയര്‍ കേരള ജില്ലാ ജനറല്‍ സെക്രട്ടറി കെ ബുള്‍ബേന്ദ്രന്‍ ആവശ്യപ്പെട്ടു. വിനോദ സഞ്ചാര സീസണ്‍ ആരംഭിക്കുന്നതോടെ സഞ്ചാരികള്‍ കൂടുതലായി ജില്ലയിലേക്കെത്തുമെന്നിരിക്കെ ആനസവാരി കേന്ദ്രങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാണ് ആവശ്യം.
സാഹസിക വിനോദ സഞ്ചാരം പോലെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റുമെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ആനസവാരി. ഈ സാഹചര്യത്തില്‍ കൂടിയാണ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആനസവാരി കേന്ദ്രങ്ങള്‍ ഉണ്ടെങ്കില്‍ അവക്കെതിരെ നടപടി വേണമെന്ന ആവശ്യം ഗ്രീന്‍ കെയര്‍ കേരള മുമ്പോട്ട് വച്ചിട്ടുള്ളത്.



