തദ്ദേശ തിരഞ്ഞെടുപ്പ് : ഡിസംബർ 9നും 11നും പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം.

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 9, 11 തീയതികളിൽ അതത് ജില്ലകൾക്ക് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
തെക്കൻ ജില്ലകളിലും മധ്യകേരളത്തിലുമാണ് ആദ്യഘട്ട വോട്ടെടുപ്പ്. വടക്കൻ ജില്ലകളിൽ 11–ാം തീയതിയാണ് തിരഞ്ഞെടുപ്പ്. അവധി ബാധകമാകുന്ന ജില്ലകൾ താഴെ പറയുന്നവയാണ്:
ഡിസംബർ 9 (ചൊവ്വ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം.
ഡിസംബർ 11 (വ്യാഴം): തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വേതനത്തോട് കൂടിയ അവധി നൽകണമെന്ന് നിർദേശമുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള അവധിയും അന്നേദിവസം ബാധകമായിരിക്കും. തോട്ടം മേഖലയിലുള്ളവർക്കും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.



