KeralaLatest NewsLocal news

സുതാര്യമായ വോട്ടെടുപ്പിന് സ്ഥാനാര്‍ഥികളും സമ്മതിദായകരും സഹകരിക്കണം: ജില്ലാ കളക്ടര്‍

ജില്ലയിലെ വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ ഡോ. ദിനേശന്‍ ചെറുവാട്ട്.

രാഷ്ട്രീയകക്ഷികള്‍ അവരവരുടെ അംഗീകൃത പ്രവര്‍ത്തകര്‍ക്ക് അനുയോജ്യമായ ബാഡ്ജുകളും ഐഡന്റിറ്റി കാര്‍ഡുകളും നല്‍കണം. സമ്മതിദായകര്‍ക്ക് വിതരണം ചെയ്യുന്ന അനൗദ്യോഗിക സ്ലിപ്പുകള്‍ വെള്ളക്കടലാസില്‍ ആയിരിക്കണം. അവയില്‍ സ്ഥാനാര്‍ഥിയുടെയോ കക്ഷിയുടെയോ പേരോ, ചിഹ്നമോ ഉണ്ടാകാന്‍ പാടില്ല.

പഞ്ചായത്തിനെ സംബന്ധിച്ച് പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയിലോ മുനിസിപ്പാലിറ്റിയെ സംബന്ധിച്ച് പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിയിലോ രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ആലേഖനം ചെയ്ത മാസ്‌ക്, വസ്ത്രങ്ങള്‍, തൊപ്പി തുടങ്ങിയവ ഉപയോഗിക്കാന്‍ പാടില്ല. വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂറിലും വോട്ടെണ്ണുന്ന ദിവസവും മദ്യം നല്‍കുകയോ വിതരണം നടത്തുകയോ ചെയ്യരുത്.
സംഘട്ടനവും സംഘര്‍ഷവും ഒഴിവാക്കാനായി, പോളിംഗ് ബൂത്തുകള്‍ക്ക് സമീപവും രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും നിര്‍മ്മിക്കുന്ന ക്യാമ്പിന്റെ പരിസരത്തും ആള്‍ക്കൂട്ടം ഒഴിവാക്കണം.   സ്ഥാനാര്‍ഥികളുടെ ക്യാമ്പുകള്‍ ആര്‍ഭാടരഹിതമാണെന്ന് ഉറപ്പുവരുത്തണം. ക്യാമ്പുകളില്‍ ആഹാരപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യരുത്. വോട്ടെടുപ്പു ദിവസം ഏര്‍പ്പെടുത്തിയിട്ടുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് അധികാരികളുമായി സഹകരിക്കുകയും അതിനായി പെര്‍മിറ്റ് വാങ്ങി അതത് വാഹനങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുകയും ചെയ്യണം.

സമ്മതിദായകര്‍ ഒഴികെ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമാനുസൃതമായ പാസില്ലാത്ത ആരും പോളിംഗ് ബൂത്തുകളില്‍ പ്രവേശിക്കാന്‍ പാടില്ല. സ്ഥാനാര്‍ഥികള്‍ക്കോ അവരുടെ ഏജന്റുമാര്‍ക്കോ തിരഞ്ഞെടുപ്പ് നടത്തിപ്പിനെ സംബന്ധിച്ച് എന്തെങ്കിലും വ്യക്തമായ പരാതികളോ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ അവ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള  നിരീക്ഷകരുടെ ശ്രദ്ധയില്‍ കൊണ്ടുവരാം.

പെരുമാറ്റച്ചട്ടലംഘനം: പരാതി നല്‍കാം

മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാതല മോണിട്ടറിംഗ് സമിതിക്ക് നല്‍കാം. സമിതി കണ്‍വീനറായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ നേരിട്ടോ mccktmlsgdelection@gmail.com. എന്ന ഇ- മെയിലിലോ നല്‍കാം. ഫോണ്‍-0481 2560282.

വോട്ട് ചെയ്യാന്‍ ഹാജരാക്കാവുന്ന രേഖകള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് താഴെപ്പറയുന്നവയില്‍ ഏതെങ്കിലും ഒരു രേഖ ഹാജരാക്കണം.

1. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടര്‍ ഐഡി കാര്‍ഡ്.

2. പാസ്പോര്‍ട്ട്

3. ഡ്രൈവിംഗ് ലൈസന്‍സ്

4. പാന്‍ കാര്‍ഡ്

5. ആധാര്‍ കാര്‍ഡ്

6. ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്

7. തിരഞ്ഞെടുപ്പ് തീയതിക്ക് കുറഞ്ഞത് ആറു മാസം മുമ്പെങ്കിലും ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക് നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്.

8. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!