KeralaLatest NewsLocal news

104-ാം വയസിലും ചോരാത്ത വോട്ടാവേശവുമായി പൗവ്വത്ത് വീട്ടില്‍ അപ്പച്ചന്‍

ഇടുക്കി :104 വയസുള്ള ആന്റണി വര്‍ക്കി പൗവ്വത്ത് എന്ന അപ്പച്ചന്‍ തളരാതെ നടന്നു കയറുകയാണ് – വോട്ട് എന്ന വലിയ ഉത്തരവാദിത്വം നിറവേറ്റാന്‍. പ്രായം തളര്‍ത്താത്ത ആവേശത്തോടെ വോട്ട് ചെയ്ത് മടങ്ങുന്ന അപ്പച്ചന്‍ 90 ലധികം കുടുംബംഗങ്ങള്‍ ഉള്ള ഒരു വലിയ കുടുംബത്തിന്റെ കാരണവരാണ്. വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓരോരുത്തരെയും ഓര്‍മ്മിപ്പിച്ചാണ് കേരളത്തിലെ ഏറ്റവും പ്രായമുള്ള ദമ്പതിമാരില്‍ ഒരാളായ അപ്പച്ചന്‍ മടങ്ങിയത്.

വാഴവര നാങ്കുതൊട്ടി എന്ന ഗ്രാമത്തിലെ പൗവ്വത്ത് എന്ന കുടുംബത്തിന്റെ നെടുംതൂണാണ് ആന്റണി വര്‍ക്കി. ഇരട്ടയാര്‍ പഞ്ചായത്ത് പത്താം വാര്‍ഡിലെ വോട്ടറായ അപ്പച്ചന്‍ ശാന്തിഗ്രാമം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.

കേരളത്തിലെ ഏറ്റവും പ്രായം കൂടിയ ദമ്പതികളെന്ന കീര്‍ത്തിയും ആന്റണി വര്‍ക്കി പൗവ്വത്തിനും 99 വയസുകാരിയായ ഭാര്യ ക്ലാരമ്മയ്ക്കും സ്വന്തമാണ്. നടക്കാന്‍ വയ്യാത്തതിനാല്‍ ക്ലാരമ്മയ്ക്ക് വോട്ട് രേഖപ്പെടുത്താന്‍ എത്താന്‍ കഴിഞ്ഞില്ല.

13-ാം വയസുമുതല്‍ പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തനം ആരംഭിച്ച അപ്പച്ചന്‍ കേരളപ്പിറവിക്ക് ശേഷമുള്ള ആദ്യ പൊതു തിരഞ്ഞെടുപ്പ് മുതലിങ്ങോട്ടുള്ള എല്ലാ വോട്ടുകളും ചെയ്തിട്ടുണ്ടെന്നാണ് കുടുംബംഗങ്ങള്‍ പറയുന്നത്. കോട്ടയം ജില്ലയില്‍ നിന്ന് ഹൈറേഞ്ചിലേക്ക് പറിച്ചു നട്ടപ്പോള്‍ ആന്റണി മികച്ച കര്‍ഷകന്‍ എന്നതിലുപരി ദീര്‍ഘവീക്ഷണമുള്ള ഒരു പൊതുപ്രവര്‍ത്തകനുമായിരുന്നു. സ്വാതന്ത്ര സമര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി കര്‍ഷക സമരങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. ഇരട്ടയാര്‍ പഞ്ചായത്തിന്റെ രൂപീകരണത്തിനായി പ്രവര്‍ത്തിച്ചു. ഇരട്ടയാര്‍ സഹകരണബാങ്ക്, നെടുംങ്കണ്ടം ഭൂപണയ ബാങ്ക് എന്നിവയുടെ ബോര്‍ഡ് മെമ്പറായും ഇരട്ടയാര്‍, വാഴവര തുടങ്ങിയ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളിലും ആന്റണി വര്‍ക്കിയുടെ കരങ്ങളുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!