പൂക്കളും സെറ്റുമുണ്ടും വീട്ടില്‍ റെഡിയാക്കിവച്ചു; ദേശവിളക്കിനുപോകാതെ ചിത്രപ്രിയ അലന്റെ ബൈക്കില്‍ കയറി

മലയാറ്റൂരില്‍ ക്ഷേത്രത്തില്‍ താലമെടുക്കല് ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടിലെത്തിയ ചിത്രപ്രിയയ്ക്ക് സംഭവിച്ച ദാരുണാന്ത്യം നാടിനെയാകെ വേദനയിലാക്കി. കൊല്ലപ്പെട്ട ചിത്രപ്രിയയും സുഹൃത്ത് അലനും തമ്മിൽ നേരത്തേയും പലവട്ടം വഴക്കുണ്ടായിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. പെൺകുട്ടിക്ക് വേറെയും അടുപ്പമുണ്ടെന്ന സംശയത്തിലായിരുന്നു ഇത്. കൊലപാതകം നടന്ന ദിവസം കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ ഇരുവരും തമ്മിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. മൃതദേഹത്തിനു സമീപം ഒഴിഞ്ഞ മദ്യ കുപ്പിയും 2 സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും കണ്ടെത്തിയിരുന്നു.
ശനിയാഴ്ച വൈകിട്ട് മുണ്ടങ്ങാമറ്റത്തു നടന്ന ദേശവിളക്കിൽ താലം എടുക്കുന്നതിനു പൂക്കളും താലവും സെറ്റ് മുണ്ടും ചിത്രപ്രിയ വീട്ടിൽ തയാറാക്കി വച്ചിരുന്നു. എന്നാൽ പരിപാടിയില്‍ പങ്കെടുക്കാതെ ചിത്രപ്രിയ അലന്റെ ബൈക്കില്‍ കയറിപ്പോവുകയായിരുന്നു. ശനിയാഴ്ച്ച മുതല്‍ കാണാതായ ചിത്രപ്രിയയ്ക്കായി വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ചിലര്‍ അലനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. അലന്റെ ബൈക്കിൽ യുവതി കയറിപ്പോകുന്നത് കണ്ടുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അലനെ ചോദ്യം ചെയ്തുവെങ്കിലും ചിത്രപ്രിയയെ വൈകിട്ട് 6നു കാടപ്പാറയിൽ ഇറക്കി വിട്ടുവെന്നാണ് പറഞ്ഞത്. തുടർന്ന് അലനെ വിട്ടയച്ചു.
എന്നാൽ സിസി ടിവി ദൃശ്യം ലഭിച്ചപ്പോൾ ശനിയാഴ്ച രാത്രി 2 മണിയോടെ അലനും യുവതിയും മലയാറ്റൂർ പള്ളിയുടെ മുന്നിൽ വരുന്നതും പെൺകുട്ടി അവിടെ ഇറങ്ങി നടക്കുന്നതും മറ്റൊരു ബൈക്കിൽ വന്ന 2 പേർ ഇവരോടു സംസാരിക്കുന്നതുമായ ദൃശ്യം ലഭിച്ചു. തുടർന്ന് അലനെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം വ്യക്തമായത്. കൊലപാതകത്തിൽ വേറെയാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ചിലരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു. ക്രൂരമായ മര്‍ദനമാണ് ചിത്രപ്രിയ നേരിട്ടത്. തലയിലേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. തലയില്‍ ഒന്നില്‍ക്കൂടുതല്‍ മുറിവുകളുണ്ട്, ശരീരത്തില്‍ ആന്തരിക രക്തസ്രാവമുണ്ടായി. ദേഹത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. പ്രതി അലനുമായി തെളിവെടുപ്പിനുള്ള ഒരുക്കത്തിലാണ് പൊലീസ്. കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്.



