KeralaLatest NewsLocal newsTravel

തണുത്ത് വിറച്ച് മൂന്നാർ, താപനില എട്ട് ഡിഗ്രി സെൽഷ്യസിലെത്തി; മഞ്ഞുമൂടി വയനാടും

ഡിസംബർ ആയതോടെ സംസ്ഥാനത്തിൻ്റെ മലയോര ജില്ലകളിൽ തണുപ്പേറുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാറിലും വയനാട്ടിലും താപനില കുറഞ്ഞുതുടങ്ങി. മൂന്നാറിലെ താപനില എട്ട് ഡിഗ്രി സെൽഷ്യസിലെത്തിയിരിക്കുകയാണ്. വയനാട്ടിലെ പലപ്രദേശങ്ങളിലും തണുപ്പ് വർധിച്ച് വരികയാണ്.

നവംബറിൽ തന്നെ മൂന്നാറിൽ തണുപ്പ് കാലം ആരംഭിക്കാറുണ്ടായിരുന്നെങ്കിലും ഈ വർഷം മഴ തുടർന്നതോടെ തണുപ്പെത്താൻ വൈകുകയായിരുന്നു. വടക്കുകിഴക്കൻ കാലവർഷവും ‘തീവ്ര’ ചുഴലിക്കാറ്റും കാരണം കഴിഞ്ഞ ആഴ്ചവരെ മൂന്നാറിൽ മഴ പെയ്തിരുന്നു. വെയിൽ ഉണ്ടെങ്കിലും പകൽ താപനില ഒൻപത് ഡിഗ്രി സെൽഷ്യസിലാണ്.

ഡിസംബർ 11 വ്യാഴാഴ്ച രാവിലെ മൂന്നാറിൽ താപനില എട്ട് ഡിഗ്രി സെൽഷ്യസിലെത്തി. കഴിഞ്ഞവർഷം ഡിസംബർ 24ന് മൂന്നാറിലെ താപനില രണ്ട് ഡിഗ്രിയിലെത്തിയിരുന്നു. ആ സമയത്ത് പലയിടങ്ങളിലും മഞ്ഞുവീഴ്ചയും തുടങ്ങി. ഈ വർഷവും മഞ്ഞുവീഴ്ചയുണ്ടാകുമോയെന്നാണ് വിനോദ സഞ്ചാരികൾ ഉറ്റുനോക്കുന്നത്.

തണുപ്പ് വർധിച്ചതോടെ സൂര്യനെല്ലി, കൊളുക്കുമല എന്നിവിടങ്ങളിലേക്ക് സൂര്യോദയം കാണാൻ എത്തുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. രാവിലെയും രാത്രിയിലുമാണ് കുറഞ്ഞ താപനില. 8 -12 എന്നിങ്ങനെയാണ് നിലവിലെ സ്ഥിതി. കോടമഞ്ഞ് മൂടിയ വൈകുന്നേരങ്ങൾ ആസ്വദിക്കാൻ നിലവിൽ സഞ്ചാരികൾ എത്തി തുടങ്ങുന്നതേയുള്ളൂവെങ്കിലും ക്രിസ്മസ് – ന്യൂ ഇയർ സീസൺ ആകുന്നതോടെ വൻ തിരക്കാകും അനുഭവപ്പെടുക.

വൈകിയാണെങ്കിലും വയനാട്ടിലും തണുപ്പ് വർധിച്ച് വരികയാണ്. വടുവൻചാൽ, ചുണ്ടേൽ, വൈത്തിരി, അമ്പലവയൽ മേഖലകളിലാണ് കൂടുതൽ തണുപ്പ് നിലവിൽ അനുഭവപ്പെടുന്നത്. വടുവൻചാലിൽ വൈകിട്ട് 3 കഴിയുമ്പോൾ തന്നെ മഞ്ഞിൽ മൂടും. രാവിലെയാണ് എല്ലായിടത്തും തണുപ്പ് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. എന്നാൽ പത്ത് മണിയോടെ തണുപ്പ് മാറുകയും വെയിൽ എത്തുകയും ചെയ്യും. വൈകീട്ട നാല് ആകുമ്പോഴേക്കും വീണ്ടും തണുപ്പ് ആരംഭിക്കും.

നവംബർ പകുതിയോടെ വയനാട്ടിലും തണുപ്പ് കൂടാറുണ്ടായിരുന്നെങ്കിലും ഇത്തവണ ഡിസംബർ ആദ്യവാരമാണു തണുപ്പ് ആരംഭിച്ചത്. തെരഞ്ഞെടുപ്പു കഴിഞ്ഞ് അവധിക്കാലം ആരംഭിക്കുന്നതോടെ മഞ്ഞുകാലം ആസ്വദിക്കാൻ ജില്ലയിലേക്ക് കൂടുതൽ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!