
അടിമാലി: അടിമാലി പഞ്ചായത്ത് ഭരണം നിലനിര്‍ത്തി യുഡിഎഫ്. 24 വാര്‍ഡുകളാണ് അടിമാലി ഗ്രാമപഞ്ചായത്തില്‍ ഉള്ളത്. ഇതില്‍ 18 സീറ്റുകളില്‍ വിജയം കൈവരിച്ചാണ് യുഡിഎഫ് അടിമാലി പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്തിയത്. എല്‍ ഡി എഫ് നാല് സീറ്റുകളില്‍ വിജയിച്ചപ്പോള്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും അടിമാലി പഞ്ചായത്തില്‍ വിജയിച്ചു.
വാര്‍ഡ് 11ലും വാര്‍ഡ് 15ലുമാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. തികഞ്ഞ വിജയ പ്രതീക്ഷയായിരുന്നു എല്‍ ഡി എഫും യുഡിഎഫും അടിമാലി പഞ്ചായത്തില്‍ വച്ച് പുലര്‍ത്തിയിരുന്നത്. വാശിയേറിയ മത്സരത്തിനൊടുവിലാണ് അടിമാലി പഞ്ചായത്തിന്റെ ഭരണം യുഡിഎഫ് നിലനിര്‍നിര്‍ത്തിയത്. വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ അടിമാലിയില്‍ ആഹ്ലാദ പ്രകടനം നടത്തി.
കഴിഞ്ഞ തവണ 21 വാര്‍ഡുകളായിരുന്നു അടിമാലി ഗ്രാമപഞ്ചായത്തില്‍ ഉണ്ടായിരുന്നത്. ചേരി മാറ്റത്താല്‍ പല തവണ പ്രസിഡന്റ് സ്ഥാനവും ഭരണവും എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കൈകളില്‍ മാറി മാറി വന്നു. ഒടുവില്‍ യുഡിഎഫായിരുന്നു പഞ്ചായത്തില്‍ ഭരണം നടത്തി വന്നിരുന്നത്. പുതിയ വാര്‍ഡ് വിഭജനം ഉണ്ടായതോടെ വാര്‍ഡുകളുടെ എണ്ണം 24 ആയി ഉയര്‍ന്നു.
82 സ്ഥാനാര്‍ത്ഥികളായിരുന്നു അടിമാലി പഞ്ചായത്തില്‍ ആകെ മത്സര രംഗത്ത് ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ 10 വീതം സീറ്റുകള്‍ എല്‍ ഡി എഫും യുഡിഎഫും പഞ്ചായത്തില്‍ സ്വന്തമാക്കിയിരുന്നു. ഒരു സ്വതന്ത്രനും വിജയിച്ചു. ഇത്തവണ 18 സീറ്റുകള്‍ കൈക്കലാക്കിയാണ് യു ഡി എഫ് അടിമാലി പഞ്ചായത്തില്‍ ആധികാരിക വിജയം കൈവരിച്ചത്.


