ഇടുക്കിയിൽ UDF പിടിച്ചെടുത്തത് 16 പഞ്ചായത്ത്, 15 എണ്ണം നിലനിർത്തി, ‘രണ്ടില’ പ്രതീക്ഷകൾ കാറ്റിൽപ്പറന്നു

യു.ഡി.എഫ്. കോട്ടയായി കരുതിയിരുന്ന ഇടുക്കിയിൽ രണ്ടിലയുടെ തണലിൽ 2020-ൽ ചെങ്കൊടി പാറിച്ച ആത്മവിശ്വസത്തിലായിരുന്നു എൽഡിഎഫ് ഇത്തവണയും. എന്നാൽ, ആ പ്രതീക്ഷകളെ കാറ്റിൽ പറത്തി കോട്ട തിരിച്ചുപിടിച്ച് യുഡിഎഫ് വേരുറപ്പിക്കുന്ന കാഴ്ചയാണ് ഇത്തവണയുണ്ടായത്. 35 ഗ്രാമ പഞ്ചായത്തുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. എൽഡിഎഫിന് 13 പഞ്ചായത്തുകളിൽ മാത്രമേ വിജയിക്കാൻ സാധിച്ചിട്ടുള്ളൂ. നാല് പഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷം നേടാൻ സാധിച്ചിട്ടില്ല.
എൽഡിഎഫ് 2020-ൽ വിജയിച്ച ബൈസൺവാലി, കാന്തല്ലൂർ, ശാന്തൻപാറ, ചിന്നക്കനാൽ, ദേവികുളം, സേനാപതി, കരുണാപുരം, ഉടുമ്പൻചോല, മുട്ടം, വണ്ടിപെരിയാർ പഞ്ചായത്തുകൾ നിലനിർത്താനായെങ്കിലും 16 പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടപ്പെട്ടു. ഇടതുകോട്ടകളടക്കമാണ് യുഡിഎഫ് പിടിച്ചെടുത്തത്.
എൽഡിഎഫ് ഭരിച്ചിരുന്ന കൊന്നത്തടി, വെള്ളത്തൂവൽ,മാങ്കുളം, പാമ്പാടുംപാറ, രാജക്കാട്, നെടുങ്കണ്ടം, ഉടുമ്പന്നൂർ, അറക്കുളം, കാമാക്ഷി, വണ്ടന്മേട്, കാഞ്ചിയാർ, ഇരട്ടയാർ, അയ്യപ്പൻകോവിൽ, ചക്കുപള്ളം, കുമിളി, പീരുമേട് പഞ്ചായത്തുകൾ കേവലഭൂരിപക്ഷം മറികടന്നാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ഈ പഞ്ചായത്തുകളിൽ ഒന്നിൽ പോലും എൽഡിഎഫിന് രണ്ടക്കത്തിന് അടുത്തുപോലും എത്താൻ സാധിച്ചില്ല.
കൊന്നത്തടിയിൽ നാല് സീറ്റുകളിലേക്കും, മാങ്കുളം, പാമ്പാടുംപാറ, രാജക്കാട്, അറക്കുളം, കാമാക്ഷി, കുമിളി, പഞ്ചായത്തുകളിൽ മൂന്ന് സീറ്റുകളിലേക്കും എൽഡിഎഫ് പിന്തള്ളപ്പെട്ടു. നെടുങ്കണ്ടം, വണ്ടന്മേട്, കാഞ്ചിയാർ, ഇരട്ടയാർ, പീരുമേട് പഞ്ചായത്തുകളിൽ ആറ് വീതവും അയ്യപ്പൻകോവിൽ, വെള്ളത്തൂവൽ, ചക്കുപള്ളം പഞ്ചായത്തുകളിൽ അഞ്ച് വീതം സീറ്റുകളും നേടാൻ കഴിഞ്ഞത് ആശ്വസമാകുമ്പോൾ ഉടുമ്പന്നൂരിൽ ഒരു സീറ്റിലേക്ക് പിന്തള്ളപ്പെട്ടത് ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയാകുന്നു.
അതേസമയം, വട്ടവടയും ഇടമലക്കുടിയും മണക്കാടും പിടിച്ചെടുക്കാൻ സാധിച്ചതാണ് ആകെയുള്ള ആശ്വാസം. യുഡിഎഫിനും എൻഡിഎയ്ക്കും പ്രതീക്ഷയുണ്ടായിരുന്ന ഇടമലക്കുടിയിൽ പ്രതീക്ഷകളെയെല്ലാം കാറ്റിൽപറത്തിയാണ് എൽഡിഎഫ് വിജയിച്ചത്. കഴിഞ്ഞ തവണ ആറു സീറ്റുകളോടെ യുഡിഎഫ് ഭരിച്ച ഇടമലക്കുടിയൽ രണ്ടു സീറ്റുകളിൽ പാർട്ടിക്ക് ഒതുങ്ങേണ്ടി വന്നു. അഞ്ചു സീറ്റുമായി പ്രതിപക്ഷത്തിരുന്ന എൻഡിഎയ്ക്ക് ലഭിച്ചതാകട്ടേ മൂന്ന് സീറ്റുകളും. അന്ന് രണ്ട് സീറ്റുകളിലേക്ക് ഒതുങ്ങിയ എൽഡിഎഫ് ഇത്തവണ കേവലഭൂരിപക്ഷവും കടന്ന് ഒമ്പത് സീറ്റുകളിൽ വിജയം നേടി.
എന്നാൽ, കഴിഞ്ഞ തവണ എൽഡിഎഫ് ഭരിച്ചിരുന്ന പള്ളിവാസൽ, രാജകുമാരി, ഉപ്പുതറ, കൊക്കയാർ പഞ്ചായത്തുകളിൽ ഇരുമുന്നണികൾക്കും ഭൂരിപക്ഷം നേടാൻ സാധിച്ചില്ല. അതേസമയം ആർക്കും ഭൂരിപക്ഷം നേടാൻ സാധിക്കാതെ പോയ കരിമണ്ണൂർ, വാത്തിക്കുടി, വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തു. അടിമാലി, മറയൂർ, മൂന്നാർ, വണ്ണപ്പുറം, കോടിക്കുളം, ആലക്കോട്, വെള്ളിയാമറ്റം, കുടയത്തൂർ, ഇടുക്കി-കഞ്ഞിക്കുഴി, കുമാരമംഗലം, ഇടവെട്ടി, കരിങ്കുന്നം, പുറപ്പുഴ, പെരുവന്താനം, ഏലപ്പാറ പഞ്ചായത്തുകൾ നിലനിർത്താൻ സാധിച്ചതും യുഡിഎഫിന് ഇരട്ടിമധുരമായി മാറി.
പ്രതീക്ഷിച്ച വിജയത്തിലേക്കെത്താൻ എൻഡിഎയ്ക്കും സാധിച്ചിട്ടില്ല. പല പഞ്ചായത്തുകളിലും തുറന്ന സീറ്റുകൾ നിലനിർത്താൻ ഇത്തവണ സാധിച്ചിട്ടില്ല. അതേസമയം യുഡിഎഫ് കോട്ടയായിരുന്ന വട്ടവട പഞ്ചായത്തിൽ നാല് സീറ്റുകൾ നേടാൻ എൻഡിഎയ്ക്ക് കഴിഞ്ഞു. ഒരു സീറ്റിൽ മാത്രമാണ് യുഡിഎഫ് ജയിച്ചത്. ഇതോടെ എൻഡിഎ പഞ്ചായത്തിൽ പ്രതിപക്ഷത്തെത്തി.
കരിങ്കുന്നത്ത് എഎപി തുറന്ന അക്കൗണ്ട് നിലനിർത്താൻ സാധിച്ചെങ്കിലും കൂടുതൽ സീറ്റുകൾ നേടുകയെന്ന പ്രതീക്ഷ ഫലം കണ്ടു. മണക്കാട് പഞ്ചായത്തിൽ ട്വന്റി ട്വന്റിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചുവെന്നതും ഈ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായി. രണ്ട് സീറ്റുകളാണ് പഞ്ചായത്തിൽ ട്വന്റി ട്വന്റി നേടിയത്.
ഇടുക്കിയിലെ രണ്ട് നഗരസഭകളും യുഡിഎഫ് നില നിർത്തി. ഇരു നഗരസഭകളിലും കേവലഭൂരിപക്ഷം നേടിയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. കോൺഗ്രസിനുള്ളിലെ ചേരിപ്പോർ എൽഡിഎഫിന് അനുകൂലമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതൊന്നും ഫലം കണ്ടില്ലെന്നതാണ് യാഥാർത്ഥ്യം. ജില്ലാ പഞ്ചായത്തിലും ബ്ലോക്കു പഞ്ചായത്തുകളിലും യുഡിഎഫിനായിരുന്നു വിജയം. എട്ടിൽ ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചു.



