യുഡിഎഫ് തരംഗത്തില്‍ തകര്‍ന്ന് എല്‍ഡിഎഫ്; തദ്ദേശപ്പോരിലെ വിജയത്താല്‍ യുഡിഎഫ് ഫുള്‍ ചാര്‍ജില്‍, ബിജെപിയും ഹാപ്പി; പരാജയം പരിശോധിക്കാന്‍ എല്‍ഡിഎഫ്

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ട്രെയിലറായി രാഷ്ട്രീയ കേരളം വിലയിരുത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ എല്‍ഡിഎഫ് നേരിടുന്നത് കനത്ത നിരാശയാണ്. അപ്രതീക്ഷിത ഇടങ്ങളില്‍ പോലും ഇടിച്ചുകയറി വമ്പിച്ച വിജയം നേടിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അഭിമാനപോരാട്ടത്തിനൊടുവില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചടക്കിയതില്‍ ഉള്‍പ്പെടെ ബിജെപിയും ഹാപ്പിയാണ്. കേരളത്തിലെ ശക്തമായ മൂന്നാം മുന്നണിയായി ബിജെപി മാറുമെന്ന് നേതാക്കള്‍ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചുകഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ വിധമൊരു ഫലമുണ്ടാക്കിയത് ഭരണവിരുദ്ധവികാരമാണോ ശബരിമല ഇടതിന് തിരിച്ചടിയായോ തുടങ്ങി പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്.
സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ നാലും പിടിച്ചടക്കിയും 54 നഗരസഭകളില്‍ നേട്ടമുണ്ടാക്കിയും 78 ബ്ലോക്ക് പഞ്ചായത്തുകളില്‍ വിജയിച്ചും 504 ഗ്രാമപഞ്ചായത്തുകളില്‍ ഭരണം പിടിച്ചുമാണ് ഇക്കുറി യുഡിഎഫിന്റെ കരുത്തുറ്റ തേരോട്ടം. ഇത് നിയമസബാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നുവെന്നും ഇത് തങ്ങളെ കൂടുതല്‍ വിനീതരാക്കുന്നുവെന്നുമാണ് നേതാക്കളുടെ പ്രതികരണം. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം പരിശോധിക്കാന്‍ എല്‍ഡിഎഫ് ഒരുങ്ങുകയാണ്. ചൊവ്വാഴ്ച ചേരുന്ന എല്‍ഡിഎഫ് നേതൃയോഗം തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. സിപിഐഎമ്മും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഫലം സൂക്ഷ്മമായി അവലോകനം ചെയ്യും. സിപിഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗങ്ങളും ഫലം പരിശോധിക്കും.



